s

പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ജില്ലാ ലൈബ്രറി കൗൺസിൽ

ആലപ്പുഴ: കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായും വായനശാലയിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനുമായി ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നു. ജനകീയ വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഓരോ വായനശാലയുടെയും പരിധിയിൽ വരുന്ന പുസ്തകപ്രേമികൾക്ക് അവർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകും. ഇതിനായി രണ്ട് ലൈബ്രറി പ്രവർത്തകരെ വീതം നിയോഗിച്ചിട്ടുണ്ട്. ഓരോ ദിവസവും ഒരു പുസ്തകത്തെക്കുറിച്ചുള്ള വിശകലനവും ചർച്ചകളും നവ മാദ്ധ്യമങ്ങൾ വഴി നടത്തുന്നുമുണ്ട്. നിരൂപകരുൾപ്പെടെ നിരവധിപ്പേർ ചർച്ചകളിൽ പങ്കാളികളാകും. വായനാ വാരാചരണത്തോടനുബന്ധിച്ച് വായനശാലകളിൽ ഓരോ വിഷയത്തിലും പരമാവധി പത്ത് പേരെ മാത്രം പങ്കെടുപ്പിച്ചുള്ള ചർച്ചകൾ ജൂലായ് 7 വരെ നടത്തുന്നുണ്ട്.

പത്രവായനയ്ക്ക് ഒരു സമയം ഒരാൾക്ക് മാത്രമാണ് ലൈബ്രറികളിൽ അനുമതി നൽകുന്നത്. ജില്ലയിലെ 110 വായനശാലകളിൽ ഓൺലൈൻ പഠനവും വിജയകരമായി മുന്നേറുകയാണ്. ലൈബ്രറികളിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യമുണ്ടാവും. അതിനാൽ അപ്പപ്പോൾ സംശയനിവാരണത്തിനുള്ള അവസരവും ലഭിക്കും. ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അദ്ധ്യാപകരെ വായനശാലകളിൽ നിയോഗിച്ചിരിക്കുന്നത്.

നിരവധി സന്നദ്ധ സംഘടനകൾ ടി വിയും സ്മാർട് ഫോണുമടക്കമുള്ള സൗകര്യങ്ങൾ നിർദ്ധന വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകിയതോടെ വായനശാലകളിൽ ക്ലാസിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒരു സമയം ക്ലാസ് കാണാൻ അഞ്ച് കുട്ടികൾ മാത്രം എന്ന വിധത്തിലാണ് വായനശാലകളിൽ കുട്ടികളുടെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നത്.

 കുട്ടികൾ കുറയുന്നു

സൗകര്യങ്ങൾ വീട്ടിൽ ലഭിച്ചു തുടങ്ങിയതോടെ വായനശാലകളിൽ സജ്ജീകരിച്ചിരിക്കുന്ന ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അവർ പുസ്തകവായനയിൽ നിന്ന് വേർപെട്ട് പോകരുതെന്ന ലക്ഷ്യത്തോടെയാണ് പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകുന്നത്. പഠനവും ഓൺലൈനിലായതോടെ കുട്ടികൾ നവമാദ്ധ്യമങ്ങൾക്ക് അടിപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇഷ്ട പുസ്തകങ്ങൾ ലഭിച്ചുതുടങ്ങിയതോടെ കുട്ടികളിൽ നിന്നും പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

....................................

 ജില്ലയിൽ ഓൺലൈൻ ക്ലാസ് നടക്കുന്നത് 110 വായനശാലകളിൽ

 ആദ്യഘട്ടത്തിൽ വായനശാലയിലെത്തി ക്ലാസിൽ പങ്കെടുത്തത് 2812 കുട്ടികൾ

 ജില്ലയിൽ പ്രവർത്തനക്ഷമമായ വായനശാലകൾ 325

...................................

പുസ്തകം വീടുകളിലെത്തിക്കുന്ന പദ്ധതിക്കും തുടർന്നു നടക്കുന്ന ഓൺലൈൻ ചർച്ചകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ പ്രായക്കാരും പങ്കാളികളാകുന്നുണ്ട്. കുട്ടികളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാനായി അവരുടെ പങ്കാളിത്തത്തിന് കൂടുതൽ മുൻതൂക്കം നൽകുന്നു

പി.തിലകരാജ്, ജില്ലാ സെക്രട്ടറി, ലൈബ്രറി കൗൺസിൽ