ആലപ്പുഴ: ദേശീയപാതയോരങ്ങളിലും ഇടറോഡിനോടു ചേർന്നും രാത്രിയിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടും അധികൃതർ പരിശോധന ഊർജിതമാക്കുന്നില്ലെന്ന് പരാതി. ഗുണ്ടകളുടെ അകമ്പടിയോടെയാണ് ഇവരുടെ വരവെന്നതിനാൽ നാട്ടുകാർക്ക് എതിർക്കാനാകുമാകുന്നില്ല. വ്യാജ നമ്പർ പതിച്ച വാഹനങ്ങളാണ് ഇതിനുപയോഗിക്കുന്നതെന്നതിനാൽ ഉടമകെയും കണ്ടെത്താനാകില്ല.

ദേശീയപാതയിൽ ആലപ്പുഴ മുതൽ കരുവാറ്റ വരെയുള്ള ഭാഗത്താണ് അർദ്ധരാത്രിക്ക് ശേഷം ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളുന്നത്. എ.സി റോഡിലും പൂച്ചാക്കൽ, ചേർത്തല ഭാഗങ്ങളിലും മാലിന്യം തള്ളുന്നുണ്ട്.
രണ്ടാഴ്ചയിൽ ഒരിക്കലാണ് മാലിന്യവുമായി ടാങ്കറുകളെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പൂച്ചാക്കൽ, തോട്ടപ്പള്ളി, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യം തള്ളാനെത്തിയ വണ്ടി നാട്ടുകാർ തടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കക്കൂസ് മാലിന്യവുമായി പിടിക്കുന്ന വാഹനം ഏറ്റെടുക്കാൻ ഉടമകൾ തയ്യാറാകാത്തതാണ് പരിശോധനയിൽ നിന്ന് പൊലീസ് പിന്തിരിയാൻ കാരണം. കഴിഞ്ഞ വർഷം ആലപ്പുഴ നോർത്ത് പൊലീസ് പിടിച്ച വാഹനം ഉടമയും നഗരസഭയും എറ്റെടുക്കാത്തതിനാൽ സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളോളം കിടക്കുന്നു.

പരിശോധന പേരിനു പോലുമില്ല

പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പൊലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധനയ്ക്ക് തയ്യാറാകാത്തതും വിനയാകുന്നു. മാലിന്യം തള്ളിയ ഭാഗങ്ങളിൽ കുമ്മായപ്പൊടി വിതറി ശുദ്ധീകരിക്കാനും നടപടിയില്ല. രാത്രി 12ന് ശേഷം വീടുകളിലെത്തി ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം ശേഖരിക്കുന്ന സംഘം പുലർച്ചെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഇത് ഒഴുക്കും. .