നാളെ രാവിലെ 10.30 ന് മങ്കൊമ്പ് ആറ്റിൽ തുടക്കം
ആലപ്പുഴ : വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള കായിക ഇനമായ 'ട്രയാത്തലോൺ 'മത്സരത്തിന്റെ ആവേശം ആസ്വദിക്കാൻ ആലപ്പുഴ നിവാസികൾക്കും അവസരം. ഉയർന്ന കായിക ശേഷി പ്രകടമാക്കേണ്ട ഈ കായികഇനം ആദ്യമായാണ് ആലപ്പുഴയിൽ അരങ്ങേറുന്നത്.കാവാലം സ്വദേശി ബിനീഷ് തോമസും (33),മങ്കൊമ്പുകാരനായ ചന്തുവും(40)ആണ് നാളെ ആലപ്പുഴയിൽ ട്രയാത്തലോണിൽ പങ്കെടുക്കുന്നത്.
ലോക ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള ഒളിമ്പിക് വാരാഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത്. നാളെ രാവിലെ 10.30 ന് മങ്കൊമ്പ് ആറ്റിൽ ഒളിമ്പ്യൻ അനിൽകുമാർ ട്രയാത്തലോൺ ഫ്ളാഗ് ഓഫ് ചെയ്യും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ വഴി സഞ്ചരിച്ച് പൂർത്തിയാകും.ട്രയാത്തലോണിനെ അനുധാവനം ചെയ്ത് നീന്തൽ താരങ്ങൾ,സൈക്കിളിസ്റ്റുകൾ, അത്‌ലറ്റുകൾ എന്നിവർ സാമൂഹിക അകലം പാലിച്ച് പങ്കെടുക്കും. മത്സരം വിജയകരമായി പൂർത്തിയാവുമ്പോൾ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി രാജീവ് എന്നിവർ ബിനീഷിനെയും ചന്തുവിനെയും കേരളത്തിന്റെ അയൺമാന്മാരായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ വി.ജി.വിഷ്ണുവും കൺവീനർ സി.ടി.സോജിയും അറിയിച്ചു.
മോട്ടിവേഷൻ ക്ളാസുകളും പ്രഭാഷണങ്ങളും നടത്തുന്നയാളാണ് ബിനീഷ് തോമസ്. വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റ് സെറ്റു ചെയ്യുന്ന ജോലിയാണ് ചന്തുവിന്. വളരെ വർഷങ്ങളായി ഇരുവരും ഈ മേഖലയിൽ പരിശീലനം നടത്തുന്നു. ഇതിന് മുമ്പ് കായികമേഖലയുമായി ഇരുവർക്കും കാര്യമായ ബന്ധമില്ലായിരുന്നു.
ട്രയാത്തലോൺ
യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ അറബ് രാജ്യങ്ങളിലും ഏറെ പ്രചാരമുള്ളതാണ് ട്രയാത്തലോൺ. ഏറെ സമ്പത്തുള്ളവർക്ക് മാത്രമുള്ള കായിക വിനോദമാണ് ഇതെന്ന ധാരണ പൊതുവേയുണ്ട്. ഇത് തെറ്റാണെന്നും സാധാരണക്കാർക്കും സാദ്ധ്യമായ കാര്യമാണെന്നും തെളിയിക്കാനാണ് കുട്ടനാട്ടുകാരായ ബിനീഷിന്റെയും ചന്തുവിന്റെയും ശ്രമം.നീന്തലും സൈക്ക്ളിംഗും ഓട്ടവും ഉൾപ്പെടുന്നതാണ് ട്രയാത്തലോൺ.
കായിക പ്രകടനം ഇങ്ങനെ
തുടക്കത്തിൽ മങ്കൊമ്പിൽ നിന്നും നസ്രത്ത് പള്ളിവരെയുള്ള 1.9 കിലോ മീറ്റർ ദൂരം നീന്തും .നീന്തിക്കയറിയാൽ ഉടൻ സൈക്കിളിലേക്ക്.ആലപ്പുഴ, അമ്പലപ്പുഴ,തോട്ടപ്പള്ളിയിലേക്കും അവിടെ നിന്ന് പൊടിയാടി, തിരുവല്ല, ചങ്ങനാശ്ശേരി വരെയെത്തി തിരികെ മങ്കൊമ്പിലേക്ക് സൈക്കിളിൽ സഞ്ചരിക്കും .90 കിലോമീറ്ററാണ് സൈക്കിൾ യാത്ര.സൈക്കിളിൽ നിന്നിറങ്ങിയാൽ മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ഓട്ടം തുടങ്ങും. പല വഴികളിലൂടെ ചുറ്റി ആലപ്പുഴ ടൗൺഹാളിന് മുന്നിലെത്തുമ്പോൾ 21 കിലോ മീറ്റർ പൂർത്തിയായിരിക്കും.ഇത്രയും ശ്രമകരമായ ദൗത്യം പൂർത്തിയാക്കാൻ എട്ട് മണിക്കൂറാണ് എടുക്കുക.രാജ്യാന്തര തലത്തിൽ ഈ ദൂരങ്ങളുടെയെല്ലാം ഇരട്ടിയാണ് കണക്കാക്കുക.യഥാർത്ഥത്തിൽ അങ്ങനെ പൂർത്തിയാക്കുന്നവരാണ് അയൺമാൻ പട്ടത്തിന് അർഹരാവുക. ഇരുവരും യത്നം വിജയമാക്കാനുള്ള കടുത്ത പരിശ്രമത്തിലാണ്.