ആലപ്പുഴ: പമ്പ ജലസേചന പദ്ധതി കനാൽ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സർക്കാർ വകുപ്പുകൾ പരസ്പരം സഹകരിച്ച് ജനങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്ന് ജുഡീഷ്യൽ അംഗം പി.മോഹനദാസ് പറഞ്ഞു.
തഴക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കോട്ടമുക്ക് ജംഗ്ഷന് സമീപത്ത് കൂടി കടന്നുപോകുന്ന പി.ഐ.പി (പമ്പ ജലസേചന പദ്ധതി) കനാൽ റോഡ് ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അവരുടെ നിരാക്ഷേപ പത്രം ലഭ്യമായാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുകയുള്ളുവെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. തഴക്കര പഞ്ചായത്ത് രണ്ടുതവണ ഇതുസംബന്ധിച്ച് ജലസേചന വകുപ്പിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കനാൽ റോഡുകൾ നിലവിൽ നവീകരിക്കുന്നത് തദേശ സ്വയം ഭരണ സ്ഥാപനങ്ങളാണെന്ന് ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കനാൽ റോഡ് നവീകരിക്കാൻ തങ്ങൾക്ക് ഫണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കനാൽ റോഡ് തങ്ങളുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതല്ലെന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും തഴക്കര ഗ്രാമപഞ്ചായത്തും കമ്മീഷനെ അറിയിച്ചു. നിരവധി കുടുംബങ്ങളുടെ സഞ്ചാര മാർഗമാണ് കനാൽ റോഡ് എന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സുരേന്ദ്ര ദാസ് വെട്ടിയാർ നൽകിയ പരാതിയിലാണ് നടപടി.