photo

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഇന്നലെ കരിമണൽ കയറ്റിയ ടിപ്പർ ലോറികൾ സമരസമിതിക്കാർ തടഞ്ഞത് പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്ത്രീകളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ജനപ്രതിനിധികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ അമ്പലപ്പുഴ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ്, ബിന്ദുഷാജി, ജനകീയ സമര സമിതി ഭാരവാഹികളായ അനിൽ.ബി.കളത്തിൽ, കെ.പ്രദീപ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ 11 ഓടെയാണ് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, ബി.ജെ.പി ജനപ്രതിനിധികൾ, ജനകീയ സമര സമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞത്. വിവരം അറിഞ്ഞ് ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഡിവൈ എസ്.പി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ ഇവർ തയ്യാറായില്ല. ഇതിനിടെ സമരക്കാരെ ബലമായി പിടിച്ചു മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സ്ത്രീകളടക്കം നൂറുകണക്കിനു പേർ ലോറിക്ക് മുന്നിൽ അടുപ്പുകൂട്ടി സമരം ആരംഭിച്ചു. സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്റ് അഡ്വ: എം.ലിജു, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ എന്നിവർ ഡി.വൈ.എസ്.പിയുമായി ചർച്ച നടത്തി. മണൽ കൊണ്ടു പോകാനുള്ള കോടതി ഉത്തരവുണ്ടെന്നും ഇതുമായി സഹകരിക്കണമെന്നും ഡി.വൈ.എസ്.പി ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സമരക്കാരെ അറസ്റ്റുചെയ്തു നീക്കി. എം.ലിജു, വി.ദിനകരൻ, റഹ്മത്ത് ഹാമീദ് എന്നിവർ ഉൾപ്പെടെ 20പേർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസ് എടുത്തു. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

30ന് ജനകീയ ബാരിക്കേഡ് തീർക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ റിലേസത്യഗ്രഹം അനുഷ്ടിക്കും.