മാവേലിക്കര: പ്രായപൂർത്തിയാകും മുമ്പ് വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കാട്ടി യുവാവിനെതിരെ യുവതിയുടെ പരാതി. ചെട്ടികുളങ്ങര കൈത തെക്ക് സ്വദേശിയായ യുവാവിനെതിരെ പുനലൂർ സ്വദേശിനിയായ പെൺകുട്ടിയാണ് മാവേലിക്കര പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയത്.

2016 ആഗസ്റ്റ് 12നാണ് പെൺകുട്ടിയെ യുവാവ് പുനലൂരിലെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവന്നത്. അന്ന് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നില്ല. പിന്നീട് ഗർഭിണിയായ പെൺകുട്ടി 2017 മെയ് 17ന് ഒരു പെൺകുഞ്ഞിന് ജന്‍മം നൽകി. അതിന് ശേഷം യുവാവ് മാതാപിതാക്കളുടെ ഒത്താശയോടെ തന്നെ മർദ്ദിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇതു സഹിക്കാനാകാതെ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പരാതിയിലുണ്ട്.

പലദിവസങ്ങളിലും യുവതിയെ മർദ്ദിച്ച് വീടിന് പുറത്താക്കി കതകടച്ചു. കഴിഞ്ഞ ഫെബ്രുവരി 4ന് രാത്രിയിലും വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതി പിറ്റേന്ന് പുലരും വരെ വീടിനു പുറത്തു കാത്തിരുന്ന ശേഷം പുനലൂരിലെ വീട്ടിലേക്ക് പോയി. പിന്നീട് കുഞ്ഞിനെ കാണാൻ പോലും യുവതിയെ അനുവദിക്കാതെ യുവാവ് വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. ബുധനാഴ്ച വൈകിട്ട് കുഞ്ഞുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് കുഞ്ഞിനെ കൈമാറി. വിഷയം പറഞ്ഞു തീർക്കാമെന്ന് സ്‌റ്റേഷനിൽ എഴുതി നൽകിയ ശേഷം യുവതി കുഞ്ഞുമായി മടങ്ങി.