s

പൂച്ചാക്കൽ : വാടകവീട്ടിൽ താമസിക്കുന്ന സഹപ്രവർത്തകന് സ്വന്തമായൊരു കൂരയൊരുക്കിയ ചുമട്ടു തൊഴിലാളികൾ നാടിന് അഭിമാനമാകുന്നു . എറണാകുളം മാർക്കറ്റിലെ സി.ഐ.ടി.യു തൊഴിലാളികളാണ് സഹപ്രവർത്തകനായ കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ ബഷീറിന് തല ചായ്ക്കാൻ പാണാവള്ളിയിൽ വീട് നിർമ്മിച്ചു നൽകുന്നത്. ജന്മനാ കേൾവി കുറവുള്ള ബഷീർ കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി എറണാകുളം മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയാണ് . സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീടുകൾ മാറിമാറിയാണ് താമസം. കഴിഞ്ഞ രണ്ടു വർഷമായി അരുക്കുറ്റി വടുതലയിലാണ് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത്. തന്റെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും സഹപ്രവർത്തകരോടു പോലും ബഷീർ പങ്കുവച്ചിരുന്നി

ല്ലെങ്കിലും കുടുബ പശ്ചാത്തലം നേരിട്ട് മനസിലാക്കിയ സി.പി.എം മാർക്കറ്റിനകം ലോക്കൽ കമ്മിറ്റിയംഗവും, യൂണിയൻ വൈസ് പ്രസിഡന്റുമായ മുന്നാസാണ് സ്ഥലം വാങ്ങി വീടുവയ്ക്കാൻ മുന്നിട്ടിറങ്ങിയത്. മൂന്നു ലക്ഷം രൂപ സ്വരൂപിച്ച് പാണാവള്ളി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കണിയാംവെളിയിൽ മൂന്നര സെന്റ് സ്ഥലം വാങ്ങി നൽകിയതും മുന്നാസാണ്. ഒപ്പം ജോലി ചെയ്യുന്ന മുപ്പത് തൊഴിലാളികളിൽ നിന്ന് രണ്ടര ലക്ഷം രൂപയോളം സമാഹരിച്ചാണ് രണ്ടു മുറികളും അടുക്കയും, സ്വീകരണമുറിയും, കുളിമുറിയും ഉൾപ്പെടെ 380 സ്ക്വയർ ഫീറ്റിൽ വീട് പണിതത്. വീടിന്റെ അടിത്തറ മുതൽ മേൽക്കൂര വരെയുള്ള നിർമ്മാണവും പ്ലംബിഗ്,പെയിന്റിംഗ്, വയറിംഗ് ഉൾപ്പെടെ മുഴുവൻ ജോലികളും ചുമട്ടു തൊഴിലാളികൾ തന്നെയാണ് ചെയ്യുന്നത്. ചുമട്ടുതൊഴിലാളിക്ക് സഹപ്രവർത്തകർ വീട് നിർമ്മിച്ച് നൽകുന്ന വിവരം അറിഞ്ഞ് സി.പി.എം ചേർത്തല ഏരിയ കമ്മറ്റി സെക്രട്ടറി കെ രാജപ്പൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം പി എം പ്രമോദ് . ബ്രാഞ്ച് സെക്രട്ടറി സത്താർ എന്നിവർ നിർമ്മാണ സ്ഥലത്തെത്തി തൊഴിലാളികളെ അഭിനന്ദിച്ചു. 28 ന് വീടിന്റെ പണി പൂർത്തിയാക്കി പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ താക്കോൽ കൈമാറാനാണ് തീരുമാനം.