ചേർത്തല:വഴിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വൃദ്ധൻ കൊല്ലപ്പെട്ടത് തലയ്ക്ക് പിന്നിലേ​റ്റ ക്ഷതം മൂലമെന്ന് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ട്.ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ ആലുങ്കൽ മ​റ്റത്തിൽ മണിയൻ (78)തിങ്കളാഴ്ച രാവിലെയാണ് സംഘർഷത്തിനിടെ മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ കിഴക്കേ ആലുങ്കൽ നികർത്ത് സുന്ദരേശ്വരറാവു (40),സഹോദരൻ ശ്രീധരറാവു (30)എന്നിവരെ അർത്തുങ്കൽ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു.ചേർത്തല ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയ ശേഷം കായംകുളത്ത് പൊലീസ് നിരീക്ഷണത്തിലുള്ള കോറൻന്റൈൻ കേന്ദ്രത്തിലാക്കി. 14 ദിവസത്തിന് ശേഷം ഇവരെ ജയിലിലേക്ക് മാ​റ്റും.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജ്ജന്റെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്​റ്റ്‌മേർട്ടം നടത്തിയത്.സംഘർഷത്തിനിടെ വീണപ്പോൾ തലയ്ക്ക് ക്ഷതമേ​റ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം.അന്വേഷണ ഉദ്യോഗസ്ഥനായ അർത്തുങ്കൽ സി.ഐ എ.അൽജബറിന് ഇന്നെലെയാണ് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്.