ചേർത്തല:ജീപ്പ് മോഷണ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം രണ്ടായി. കൊല്ലം ചവറ നീണ്ടകര പുത്തൻതുറ ഫിഷർമെൻ കോളനിയിൽ ജോബി (22)യെയാണ് ചേർത്തല പൊലീസ് അറസ്​റ്റ് ചെയ്തത്.കഴിഞ്ഞ 14 നാണ് ചേർത്തലയിലെ വർക്ക് ഷോപ്പിൽ നിന്ന് ജീപ്പ് മോഷണം പോയത്.മോഷ്ടിച്ച ജീപ്പിൽ സഞ്ചരിച്ച ചെങ്ങന്നൂർ കൊഴുവള്ളൂർ തലകുളഞ്ഞി കിഴക്കേടത്ത് സുരേഷ്(മക്കു-24)നെ ദിവസങ്ങൾക്ക് മുൻപ് ഇടുക്കി പെരുവന്താനത്ത് നിന്ന് പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ജോബിയടക്കമുള്ള മ​റ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കെ.എസ്.ആർ.ടിസി ബസ്​റ്റാൻഡിൽ നിന്ന് ഇയാളെ പിടികൂടിയത്.വിവിധ ജില്ലകളിൽ ഏഴ് വാഹന മോഷണ കേസുകളിൽ ഇവർ പ്രതികളാണെന്നും കഴിഞ്ഞ മാർച്ചിൽ കൊല്ലം ചവറയിൽ നിന്ന് ഡ്യൂക്ക് ബൈക്കും എറണാകുളം പുല്ലേപ്പടിയിൽ നിന്ന് ഓട്ടോറിക്ഷയും പാലാരിവട്ടത്ത് നിന്ന് സ്‌കൂട്ടറുകളും ഇടുക്കി മുരിക്കാശേരിയിൽ നിന്ന് മാരുതി കാറും മോഷ്ടിച്ച കേസിൽ ഇവർക്ക് പങ്കുണ്ടെന്നും പെരുവന്താനത്തടക്കം കടകൾ കുത്തിത്തുറന്ന് പ്രതികൾ പണം അപഹരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. റോഡരുകിൽ പാർക്ക് ചെയ്യുന്ന ലോറികളിൽ നിന്ന് ഫോൺ അപഹരിച്ച സംഭവത്തിലും ഇവർ പങ്കാളികളാണെന്നും മ​റ്റ് പ്രതികൾക്കായി അന്വേഷം ഊർജിതമാക്കിയതായും സി.ഐ പി. ശ്രീകുമാർ, എസ്.ഐ എം.ലൈസാദ് മുഹമ്മദ് എന്നിവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.