s

ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 30നും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലങ്ങൾ ജൂലായ് 15നും എത്തുന്നതോടെ ഹയർസെക്കൻഡറി അഡ്മിഷൻ തിരക്കുകൾക്ക് തുടക്കമാകും. ഓരോ ജില്ലകളിലും പ്ലസ് വൺ സീറ്റുകളിൽ എത്രത്തോളം വർദ്ധനവുണ്ടാകുമെന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ല. ജില്ലയിൽ 125 സ്കൂളുകളിലായി 22,839 പ്ലസ് വൺ സീറ്റുകളാണ് നിലവിലുള്ളത്. ആലപ്പുഴയിൽ 21,994 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പരീക്ഷ എഴുതിയവരും ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കും. ഇതോടെ അപേക്ഷകരുടെ എണ്ണം 30,000 കവിയുമെന്നാണ് പ്രതീക്ഷ.

വിദഗ്ദ്ധ കൂടിയാലോചനകൾക്കു ശേഷം മാത്രമേ സീറ്റ് വർദ്ധനവ് നടപ്പാക്കാവൂ എന്ന് ഒരു വിഭാഗം അദ്ധ്യാപകർ ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം 20 ശതമാനം സീറ്റ് വർദ്ധനവ് വരുത്തിയപ്പോൾ, ജില്ലയിൽ 18 ബാച്ചുകളിൽ കുട്ടികൾ അഡ്മിഷനെടുത്തിരുന്നില്ല. യാത്രാസൗകര്യവും വിജയശതമാനവും കുറവുള്ള സ്കൂളുകളിലാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. പ്രവേശന നടപടികൾ പൂർത്തിയാവുമ്പോൾ സയൻസ് ബാച്ചുകളിൽ ഉൾപ്പടെ സീറ്റുകൾ ഒഴി‌ഞ്ഞുകിടക്കുന്നതാണ് പതിവ്. പ്രധാന കേന്ദ്രങ്ങളിലെ സർക്കാർ സ്കൂളുകളിലും, ചില എയ്ഡഡ് സ്കൂളുകളിലും ആദ്യ അലോട്ട്മെന്റിൽ തന്നെ എല്ലാ സീറ്റുകളും നിറയും. പ്രവേശനം ഏകജാലകം വഴിയായതിനാൽ പലർക്കും ആഗ്രഹിച്ച സ്കൂളിൽ തന്നെ പ്രവേശനം ലഭിക്കാറില്ല. കൂടാതെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഐ.ടി.ഐ, പോളിടെക്നിക്, വി.എച്ച്.എസ്.ഇ, വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവയിലേക്ക് തിരിയും.

''പ്ലസ് വൺ സീറ്റുകളുടെ വർദ്ധനവ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷത്തെ എണ്ണത്തിൽ നിന്ന് കാര്യമായ മാറ്റത്തിന് സാദ്ധ്യതയില്ല. കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

- ഏകജാലകം അധികൃതർ

''ആവശ്യമുള്ള സ്കൂളുകളിൽ മാത്രമേ സീറ്റ് വർദ്ധനവ് നടപ്പാക്കാവൂ. പല സ്കൂളുകളിലും അഡ്മിഷനെടുക്കാൻ ആളെത്താത്ത സ്ഥിതി കഴിഞ്ഞ കുറച്ചു വർഷങ്ങളായുണ്ട്

.- ഹയർ സെക്കൻഡറി അദ്ധ്യാപകർ

ജില്ലയിൽ നിലവിൽ

ആകെ പ്ലസ് വൺ സീറ്റുകൾ - 22,839

ബാച്ചുകൾ- 458

സ്കൂളുകൾ - 125

സർക്കാർ സ്കൂളുകൾ - 45

എയ്ഡഡ് സ്കൂൾ - 64

അൺ എയ്ഡഡ് സ്കൂൾ - 13

ടെക്നിക്കൽ സ്കൂൾ - 2

റെസിഡൻഷ്യൽ - 1