ആലപ്പുഴ : ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡ് ഭീതിയിൽ നാടുകളിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്ത് നിർമ്മാണ മേഖല പ്രതിസന്ധിയിലായി. തൊഴിലവസരമുണ്ടായിട്ടും നാട്ടുകാരായ തൊഴിലാളികളെയും കിട്ടാനില്ല. ഏറ്റെടുത്ത പണികൾ പൂർത്തിയാക്കാനാവാതെ ചെറുകിട - ഇടത്തരം കരാറുകാർ വലയുന്നു.
നിർമ്മാണ സാധനങ്ങളുടെ ക്ഷാമം മൂലം പണികൾ നേരത്തേ മുടങ്ങിയിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി അവ കിട്ടിത്തുടങ്ങിയപ്പോൾ തൊഴിലാളികൾ ഇല്ലാത്ത അവസ്ഥയായി.
രജിസ്റ്റർ ചെയ്ത അഞ്ച് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളിൽ മൂന്ന് ലക്ഷം പേരും മടങ്ങിപ്പോയി. ഇവരിൽ വലിയൊരു വിഭാഗവും നിർമ്മാണ മേഖലയിലായിരുന്നു.
ഏറ്റവുമധികം അന്യസംസംസ്ഥാനക്കാർ പണിയെടുത്തിരുന്ന എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളെയാണ് തൊഴിലാളിക്ഷാമം കൂടുതൽ ബാധിച്ചത്. നാടുകളിലേക്ക് പോയവരിൽ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടില്ല. തങ്ങളുടെ സ്ഥലങ്ങളിൽ നിന്നുള്ള രോഗവിമുക്ത സർട്ടിഫിക്കറ്റും ഇവിടെയെത്തിയാൽ ക്വാറന്റൈനും നിർബന്ധമായത് ഇവരെ പിന്തിരിപ്പിക്കുന്നു. നാടുകളിലേക്ക് പോകാതെ ഇവിടെ നിന്നവരാകട്ടെ സ്ഥിരം തൊഴിലിടങ്ങൾ വിട്ട് കൂടുതൽ കൂലി കിട്ടുന്ന സ്ഥലങ്ങളിലേക്ക് ചേക്കേറുന്നു. പത്തനംതിട്ടയിൽ കേന്ദ്രധനസഹായത്തോടെ 16 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ പണിക്ക് 22 തൊഴിലാളികൾ വേണ്ടിടത്ത് കരാറുകാരന് കിട്ടിയത് ഒമ്പത് പേരെയാണ്.
നാട്ടുകാരെ കാണാനില്ല !
നിർമ്മാണ മേഖലയിലെ കഠിനജോലികൾക്ക് നാട്ടുകാരായ തൊഴിലാളികളെ കിട്ടാറില്ലെന്ന് കരാറുകാർ പറയുന്നു. അന്യസംസ്ഥാനക്കാർക്ക് താരതമ്യേന കുറഞ്ഞശരാശരി 700-800 രൂപ. നാട്ടുകാരായ തൊഴിലാളികൾക്ക് നിർമ്മാണ മേഖലയിൽ ആയിരം രൂപ മുതലാണ് കൂലി. കായികാദ്ധ്വാനം കൂടുതലുള്ള പണികൾക്ക് അതിലും കൂടുതൽ നൽകണം. എന്നിട്ടും നാട്ടുകാരായ പണിക്കാരെ ആവശ്യത്തിന് കിട്ടാറില്ല. കൂലി കുറവായതിനാൽ കുടിയേറ്റക്കാരോടാണ് കരാറുകാർക്കും താത്പര്യം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി പോലുള്ള വൻകിട കരാറുകാർക്ക് സ്ഥിരം തൊഴിലാളികളുണ്ട്. ഇടത്തരം, ചെറുകിട കരാറുകാർക്ക് ഇടനിലക്കാർ വഴിയാണ് തൊഴിലാളികളെ കിട്ടുക. ഇടനിലക്കാർ തൊഴിലാളികളുടെ വേതനത്തിൽ നിന്ന് 100 രൂപ വരെ കമ്മിഷൻ പറ്റാറുണ്ട്.
ബംഗാൾ, ഒഡിഷ, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ കൂലി തീരെ കുറവായതാണ് ഇവിടേക്ക് കൂട്ടത്തോടെ തൊഴിലാളികൾ എത്താൻ കാരണം. അന്യസംസ്ഥാനക്കാരെ പിടിച്ചു നിറുത്താൻ അപ്‌നാ ഘർ, ആവാസ് തുടങ്ങിയ പദ്ധതികൾ സർക്കാർ നടപ്പാക്കിയെങ്കിലും ലോക്ക് ഡൗൺ എത്തിയതോടെ ഇതിലൊന്നും അവർക്ക് താത്പര്യമില്ലാതായി.
മുക്കാൽ പങ്കും പോയി
ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്....5,10,000
നാട്ടിലേക്ക് പോയവർ.....3,07,000
(തൊഴിൽ വകുപ്പിന്റെ കണക്ക്)
''വായ്പ എടുത്തും കടം വാങ്ങിയുമാണ് പ്രവൃത്തികൾ ചെയ്യുന്നത്.പണി നീണ്ടുപോയാൽ പലിശയിനത്തിൽ വലിയ നഷ്ടം വരും. സമയത്തിനുള്ളിൽ തീർത്തില്ലെങ്കിൽ നഷ്ടപരിഹാരവും നൽകണം.
മനേഷ്.കെ (ബിൽടെക് കൺസ്ട്രക്‌ഷൻസ്, ബിൽഡേഴ്സ് അസോസിയേഷൻ അംഗം)