ആലപ്പുഴ : കൊവിഡ് പോസിറ്റീവ് കേസുകൾ ജില്ലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്റി ജി. സുധാകരൻ പറഞ്ഞു. കായംകുളം എൽമെക്സ് ആശുപത്രി ജില്ലയിലെ ആദ്യ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആക്കുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകായിരുന്നു മന്ത്റി.
40 ദിവസങ്ങളോളം ഒരു കൊവിഡ് രോഗി പോലും ഇല്ലാതിരുന്ന ജില്ലയാണ് ആലപ്പുഴ.എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി അതല്ല. സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഏറെ കരുതലോടെ വേണം കാണാൻ. അനാവശ്യമായി കൂട്ടം ചേരുന്നതും മാസ്‌ക് ധരിക്കാതെയുള്ള ഇടപഴകലുകളും കർശനമായി ഒഴിവാക്കണം.
ജില്ലയിലെത്തുന്ന പ്രവാസികൾക്കും അന്യ സംസ്ഥാനത്തു നിന്ന് വരുന്നവർക്കുമുള്ള ക്വാറന്റിൻ സൗകര്യങ്ങൾ പൂർണ്ണ സജ്ജമാണ്. വൻകിട ഹോട്ടലുകൾ മാത്രം താമസത്തിനായി തിരഞ്ഞെടുക്കുന്ന പ്രവണത ഒഴിവാക്കണം. എത്ര പേരെത്തിയാലും താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും സുസജ്ജമാണെന്നും സുധാകരൻ പറഞ്ഞു.
250 ബെഡുകളുടെ സൗകര്യമാണ് എൽമെക്സ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. എൽമെക്സ് കോവിഡ് സെന്ററിലേക്ക് ജൂബി മുളമൂട്ടിൽ സംഭാവന ചെയ്ത 150 ഫാനുകൾ മന്ത്റിയും ജില്ലാ കളക്ടർ എ.അലക്സാണ്ടറും യു. പ്രതിഭ എം. എൽ. എയും ചേർന്നു ഏറ്റുവാങ്ങി. പത്തിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ. സുകുമാരൻ, എൽമെക്സ് ആശുപത്രി ചീഫ് അഡ്മിനിസ്ട്റേറ്റീവ് ഓഫീസർ ജോഷി തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. ആവശ്യം വരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗലക്ഷണമുള്ളവരെ ഇവിടെ പ്രവേശിപ്പിക്കും. മെഡിക്കൽ കോജേജിന്റെ ഭാഗമായാവും പ്രവർത്തനം