സുരക്ഷാ ജീവനക്കാരെ അവഗണിച്ച് സഞ്ചാരികൾ
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ബീച്ചിലെത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ് സുരക്ഷാ ജീവനക്കാർ. എത്ര ഉപദേശിച്ചാലും മുഖാവരണം ധരിക്കാൻ സന്ദർശകർ തയ്യാറാവാത്തതിനാൽ സുരക്ഷാഭീഷണി സംബന്ധിച്ച് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുന്നതാണ് ജീവനക്കാരുടെ ഇപ്പോഴത്തെ പ്രധാന ജോലി!
വനിത, ശിശു ആശുപത്രി മുതൽ പാർക്ക് വരെ നീളുന്ന ഒന്നര കിലോമീറ്റർ ഭാഗത്താണ് ആളുകൾ കൂട്ടമായെത്തുന്നത്. ഒരിടത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോൾ, അടുത്ത ഭാഗത്ത് കൂടുന്നതാണ് സ്ഥിതിയെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു. കടലിലിറങ്ങി കുളിക്കുന്ന 'ഭീഷണി'ക്ക് കുറവുണ്ട്. എന്നാൽ മാസ്ക് ധരിപ്പിക്കാതെ കൊച്ചു കുട്ടികളെ ഉൾപ്പെടെ കൊണ്ടുവരുന്നതിന് തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടൽ വേണമെന്ന് സുരക്ഷാ ജീവനക്കാർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.
പാർക്കിംഗ് സ്ഥലത്തോ, ബീച്ചിന്റെ ഭാഗത്തോ 'പ്രവേശനമില്ല' എന്ന് അറിയിച്ച് ബോർഡ് സ്ഥാപിച്ചാൽ ഒരു പരിധി വരെ സന്ദർശകരെ നിയന്ത്രിക്കാനാവും. കൂട്ടമായെത്തുന്നത് വിലക്കുമ്പോൾ, വാക്കേറ്റം നിത്യ സംഭവമായെന്നും സുരക്ഷാ ജീവനക്കാർ പറയുന്നു. പ്രദേശത്ത് പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യമുണ്ടെങ്കിലും ആളുകളുടെ വരവിൽ കുറവില്ല. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെയാണ് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത്. ബീച്ചിൽ പ്രവേശിക്കാൻ ഇളവില്ലെന്ന് പറഞ്ഞാലും പലരും അനുസരിക്കാറില്ല. പാർക്ക് തുറന്നിട്ടില്ലാത്തതിനാൽ കുട്ടികളെയും നേരെ ബീച്ചിലേക്കാണ് കൊണ്ടുവരുന്നത്.
പാർക്ക് നശിക്കുന്നു
ലോക്ക്ഡൗൺ മൂന്നു മാസം പിന്നിടുമ്പോൾ, ബീച്ചിനോട് ചേർന്ന പാർക്കിലെ കളി ഉപകരണങ്ങൾ ഉപയോഗമില്ലാതെ കിടന്ന് നശിക്കുകയാണ്. പലതും ഇരുമ്പ് ഉപകരണങ്ങളായതിനാൽ വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. വിജയ പാർക്കിന്റെ ഒരു ഭാഗത്ത് സ്വകാര്യവ്യക്തി അമ്യൂസ്മെന്റ് പാർക്ക് നടത്തുകയാണ്. ഇവിടെയും വിലകൂടിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്ക് പുറത്തിങ്ങാൻ അനുമതിയില്ലാത്തതിനാൽ പാർക്ക് എന്ന് തുറക്കാനാവുമെന്ന് യാതൊരു തിട്ടവുമില്ല. പ്രവേശനഫീസ് കുട്ടികൾക്ക് 5 രൂപയും മുതിർന്നവർക്ക് 10 രൂപയുമായതിനാൽ വിജയ പാർക്കിലേക്ക് ദിവസേന
...................
എത്ര ഓടിച്ചുവിട്ടാലും ആളുകൾ വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം പേരും മാസ്ക് ധരിക്കില്ലെന്നതാണ് ഭീഷണി ഉയർത്തുന്നത്. ഉപദേശിച്ചു കുഴഞ്ഞു. അതിനാലാണ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചത്
അനിൽകുമാർ, ലൈഫ് ഗാർഡ്