theatre

ആലപ്പുഴ :ജില്ലാ പഞ്ചായത്ത്‌ മാരാരിക്കുളം ഡിവിഷനിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രാദേശിക പഠന കേന്ദ്രം ഇ @മാരാരി 12-മത് കേന്ദ്രം തിയേറ്റർ സൗകര്യത്തോടെ ഉദയ വായനശാലയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ നൽകിയ മൾട്ടീമീഡിയ പ്രോജക്ടറും മൂവബിൾ സ്ക്രീനും ലൈബ്രറി കൗൺസിൽ നൽകിയ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചാണ് 'ഉദയ മിനി തിയേറ്റർ ' ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്ക് സംശയനിവാരണത്തിനായി മെന്റർമാരും അദ്ധ്യാപകരും സെന്ററിൽ ഉണ്ടാകും.
എസ്.ഐ.ഇ.റ്റി യുടെ സഹകരണത്തോടെ ബാല ചലച്ചിത്ര പ്രദർശനവും, നിർമാണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പഠന പരിശീലനവും മിനി തീയേറ്ററിൽ നടത്തും. കുട്ടികളുടെ സർഗവാസനകൾ വളർത്താൻ ഉതകുന്ന പരിശീലന കളരികൾ സംഘടിപ്പിക്കണമെന്ന് തിയേറ്റർ ഉദ്ഘാടനം ചെയ്ത കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു പറഞ്ഞു. വായന ദിനത്തോടനുബന്ധിച്ചു വായനശാല സംഘടിപ്പിക്കുന്ന, കുട്ടികൾക്ക് പുസ്തകം വീടുകളിലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. ബാലചലച്ചിത്ര സാങ്കേതികതയുമായി ചേർന്ന് എസ്.ഐ.ഇ.റ്റി തയ്യാറാക്കിയ സിഡികൾ ഉദയ മിനി തീയേറ്ററിന് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.റ്റി മാത്യു കൈമാറി. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.ജി ലൈജു, ബി പി ഒ സൽമോൻ, നവീൻ, അജി എന്നിവർ സംസാരിച്ചു.