ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കണ്ടെയിൻമെന്റ് സോണായി ജില്ല കളക്ടർ പ്രഖ്യാപിച്ചു. ഈ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ഒരേ വീട്ടിലെ അഞ്ചുപേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാലാണ് നടപടി.
വാർഡിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്റണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യ വസ്തുക്കൾ വിതരണംചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മണി മുതൽ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ് )രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 വരെയും പ്രവർത്തിക്കാം. ഈ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണവും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണവും ശക്തമാക്കാനും നിർദ്ദേശം നൽകി.