മാവേലിക്കര: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റയാൾ സമരനായകൻ മാവേലിക്കര സുദർശനൻ ബുദ്ധജംഗ്ഷനിൽ ലഹരിവിരുദ്ധ ഫോട്ടോ പ്രദർശനം നടത്തി. ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡും ഏന്തിയായിരുന്നു സുദർശനന്റെ പ്രദർശനം.
2001 മുതൽ ആരംഭിച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ഏകാംഗ സമരങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. നാടക, ചലച്ചിത്ര, സീരിയൽ കലാകാരൻ കൂടിയായ സുദർശൻ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം പുലർത്തുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടാതെ സമൂഹത്തിൽ ഉണ്ടാകുന്ന ഏതുതരം വിപത്തുകൾക്കെതിരെയും തന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്ന സാമൂഹിക പ്രവർത്തകൻ കൂടിയാണ് സുദർശനൻ.