അമ്പലപ്പുഴ: പ്രളയത്തിൽ നിന്ന് കുട്ടനാടിനെ സംരക്ഷിക്കുക, പൊഴിമുറിക്കൽ അനുവദിക്കാത്ത കോൺഗ്രസിനേയും ബി.ജെ.പിയെയും ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുമായി സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ചെറുവള്ളങ്ങളിലും, ബോട്ടുകളിലുമായി ജലഘോഷയാത്ര സംഘടിപ്പിച്ചു.

കുട്ടനാട്ടിൽ നിന്നെത്തിയ നൂറോളം വള്ളങ്ങൾ പൊഴിമുഖത്തിനഭിമുഖമായി അണിനിരന്നിരുന്നു. തുടർന്നു നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനനം സർക്കാരിന്റെയോ, സി.പി.എമ്മിന്റെയോ അജണ്ടയിൽ ഇല്ലെന്നും പൊഴിമുറിക്കൽ മാത്രമാണ് നടക്കുന്നതെന്നും ആർ. നാസർ പറഞ്ഞു. കുട്ടനാട്ടിൽ പ്രളയം ഉണ്ടാകാതിരിക്കാൻ സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്പിൽ വേയുടെ വീതി കൂട്ടേണ്ട ഭാഗത്തെ കാറ്റാടി മരങ്ങൾ മാത്രമാണ് സർക്കാർ വെട്ടിമാറ്റിയത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എല്ലും ഐ.ആർ.ഇ യുമാണ് മണൽ എടുക്കുന്നത്. കോടതി വിധി മാനിച്ച് സമരക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗം എച്ച്.സലാം അദ്ധ്യക്ഷത വഹിച്ചു. ജി.വേണുഗോപാൽ, സി.എസ്.സുജാത, പി.പി. ചിത്തരഞ്ജൻ, കെ.പ്രസാദ്, മഹേന്ദ്രൻ, സത്യപാലൻ, മനു സി.പുളിക്കൽ, എ.ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളന ശേഷം മൊബൈൽ ലൈറ്റുകൾ തെളിച്ച് പ്രതിഷേധം അറിയിച്ച ശേഷമാണ് വള്ളങ്ങളിൽ സമരക്കാർ മടങ്ങിയത്.