ഹരിപ്പാട്: മിനി വാനുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. നങ്ങ്യാർകുളങ്ങര-തട്ടാരമ്പലം റോഡിൽ മുട്ടം ചൂണ്ടുപലക മുക്കിന് സമീപം ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം.
എതിരെ വന്ന ഫുഡ് ഡെലിവറി വാനുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വാൻ ഡ്രൈവർമാരായ ആലപ്പുഴ അറയ്ക്കൽ വീട്ടിൽ സെബിൻ (27), തട്ടാരമ്പലം സ്വദേശി പ്രകാശ് (50) എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനുകൾ കൂട്ടിയിടിച്ചപ്പോൾ പിന്നിൽ വന്ന ബൈക്ക് നിയന്ത്രണം തെറ്റി വീണ് യാത്രക്കാരനായ ആലപ്പുഴ കളർകോട് സ്വദേശി സിജുവിനും (38) പരിക്കേറ്റു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.