ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശൻ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മാരാരിക്കുളം സി.ഐ എസ് രാജേഷിന്റെ നേതൃത്വത്തിൽ മഹേശന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തി.മഹേശന്റെ ജ്യേഷ്ഠൻ പ്രകാശൻ, സഹോദരിയുടെ മകൻ എം.എസ്.അനിൽകുമാർ, ഭാര്യ ഉഷാകുമാരി, മക്കളായ ഹരികൃഷ്ണൻ, എബിനു കൃഷ്ണൻ, മരുമകൾ ഡോ.ആതിര എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ആത്മഹത്യാക്കുറിപ്പിലെയും ഒപ്പം കണ്ടെത്തിയ കത്തുകളിലെയും പരാമർശങ്ങളെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് ഇവർ നൽകിയ മൊഴിയിലുള്ളതെന്നാണ് സൂചന. കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങൾ വിലയിരുത്തി കൂടുതൽ പേരിൽനിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. 24ന് രാവിലെയാണ് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിനുള്ളിൽ മഹേശനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും ഇവിടെനിന്ന് പൊലീസിന് ലഭിച്ചിരുന്നു.