കായംകുളം: കൊവിഡ് 19 സ്ഥിരീകരിച്ചവർ നഗരത്തിൽ യാത്ര ചെയ്തതിനെ തുടർന്ന് കായംകുളത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മാർക്കറ്റിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ എത്തിയ സാഹചര്യത്തിൽ ഇന്ന് കായംകുളം മാർക്കറ്റ് സമ്പൂർണമായി അടച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇന്നലെ ചേർന്ന അടിയന്തിരയോഗം തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവർത്തിക്കാതെ ശുചീകരണത്തിൽ പങ്കാളികളാകണം. സാമൂഹ്യഅകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു.
കായംകുളം പട്ടണത്തിലേക്കും താലൂക്ക് ആശുപത്രിയിലേക്കും അത്യാവശ്യമുള്ളവർ മാത്രം എത്തുക, പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ
നിർദ്ദേശങ്ങളുമുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിതർ നഗരത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടുകയും സ്കാനിംഗ് സെന്ററിലും മാർക്കറ്റിലും എത്തുകയും ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറും സ്കാനിംഗ് സെന്ററിലെ രണ്ടു പേരും ക്വാറന്റൈനിൽ പോയി.
ഭർത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുൻപാണ് മുംബയിൽ നിന്നും എത്തിയത്. തുടർന്ന് ഇവർ ചെന്നിത്തലയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.