ആലപ്പുഴ: കാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം സൺറൈസ് ആശുപത്രിയിൽ സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്തും. രണ്ടരലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ കെ.എ.എസ്.പി പദ്ധതിക്ക് പുറമേ, കേരള ഹാർട്ട് ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെയാണ് നടത്തുക. സംസ്ഥാനത്തെ 40 ശതമാനം ആളുകൾക്കും അഞ്ചുലക്ഷം രൂപയുടെ വരെ ആരോഗ്യ സംരക്ഷണം നൽകുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണ് കെ.എ.എസ്.പി. അർഹത തെളിയിക്കാൻ റേഷൻ കാർഡിൽ പതിച്ചിരിക്കുന്ന പി.എം.ജെ, ചിസ് പ്ലസ് സീലോ, 2016ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വന്ന എഴുത്തോ, ആരോഗ്യ കാർഡോ മതിയാകും. പദ്ധതിയെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം അർഹർക്ക് ചികിത്സ ലഭിക്കാതെ പോകരുതെന്ന് സൺറൈസ് ആശുപത്രിയിലെ കാർഡിയാക് സർജനും, കേരള ഹാർട്ട് ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റുമായ ഡോ.കുൽദീപ് കുമാർ ചുള്ളിപ്പറമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.