ആലപ്പുഴ: ജനകീയ സമരങ്ങളെ അടിച്ചമർത്തിയ സർ സി.പിയുടെ ശൈലിയാണ് പിണറായി സർക്കാരിന്റേതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ 29-ാംദിനത്തിലെ സത്യാഗ്രം അനുഷ്ഠിച്ച് സംസാരിക്കുകയായിരുന്നു സുധീരൻ. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിനൊപ്പം പ്രദേശത്ത് നിരോധനാജ്ഞ്ഞ കൂടി പ്രഖ്യാപിച്ചാണ് കരിമണൽ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. തോട്ടപ്പള്ളിയിലെ ജനകീയ സമരത്തെ അടിച്ചമത്തുന്ന സർക്കാർ നയം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. . സർക്കാരിന്റെ തെറ്റായ തീരുമാനമാണ് തോട്ടപ്പള്ളിയിൽ ജനകീയ സമരത്തിന് കാരണം. സി.പി.എമ്മിന്റെ അടിമയായി തരംതാണ പ്രവർത്തനമാണ് കളക്ടർ ചെയ്യുന്നത്. കളക്ടറുടെ സർവീസ് ജീവിതത്തിൽ അത് കളങ്കമായിമാറുമെന്ന് ഓർക്കണമെന്നും സുധീരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ പി.ടി.തോമസ്, കെ.സി.ജോസഫ്, ഷാനിമോൾ ഉസ്മാൻ, വി.ടി.ബലറാം, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.എ.ഷുക്കൂർ, റഹ്മത്ത് ഹാമീദ്, കെ.പ്രദീപ്, എ.കെ.രാജൻ, കെ.പി.ശ്രീകുമാർ, എം.എച്ച്.വിജയൻ, എ.കെ.ബേബി തുടങ്ങിയവർ സംസാരിച്ചു.