s

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ, സ്കൂളുകളിൽ അഡ്മിഷന് ഡൊണേഷൻ വാങ്ങരുതെന്ന സർക്കാർ നിലപാട് കാറ്റിൽ പറത്തി സ്വകാര്യ സ്കൂളുകൾ. ജില്ലയിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂൾ എൽ.കെ.ജി അഡ്മിഷന് രക്ഷിതാക്കളിൽ നിന്ന് മുപ്പതിനായിരം രൂപയോളമാണ് ഈടാക്കുന്നത്. ഓൺലൈൻ ക്ലാസ് നടക്കുന്ന കാലയളവിൽ വിവിധ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ലാബ് ഫീസും, ലൈബ്രറി ഫീസുമുൾപ്പടെ ഈടാക്കുന്നു. രക്ഷിതാക്കൾ പരാതിപ്പെടുന്നതോടെ, മുഴുവൻ പണവും അടയ്ക്കാതെ പാഠപുസ്തകങ്ങൾ നൽകില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതും ഉന്നത നിലവാരം പുലർത്തുന്നതുമായ സ്കൂളുകളാണ് തീവെട്ടിക്കൊള്ള നടത്തുന്നത്. മറ്റ് സി.ബി.എസ്.ഇ സ്കൂളുകളിൽ പത്താം ക്ലാസിൽ ഫീസ് ഇനത്തിൽ 900 രൂപ ഈടാക്കുമ്പോൾ, ചില സ്കൂളുകൾ പ്രതിമാസം 1500രൂപയ്ക്കു മേലാണ് ഈടാക്കുന്നത്. ഇതേ സ്കൂളുകളിൽ തന്നെ അദ്ധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകാത്തതിനാൽ ദിവസങ്ങളോളം ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യവുമുണ്ടായി. നഗരത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ വലിയൊരു പങ്കും പ്രവാസികളും ഇടത്തരക്കാരുമാണ്. കൊവിഡ് മൂലം പലരുടെയും ജോലിയും വരുമാനവും നിലച്ചു. അമിത ഫീസും, ഡൊണേഷനും സ്വീകരിക്കുന്ന നിലപാടിൽ നിന്ന് മാനേജ്മെന്റുകളെ പിന്തിരിപ്പിക്കാൻ അധികൃതരുടെ ഇടപെടൽ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ദിവസേന രണ്ട് നേരം 40 മിനിട്ട് നീളുന്ന ക്ലാസ് നടക്കുന്നുണ്ടെങ്കിലും, പ്രാരംഭ ഫീസിനത്തിൽ അയ്യായിരം രൂപയോളം അടയ്ക്കാത്തതിനാൽ പലരും പാഠപുസ്തകങ്ങളില്ലാതെയാണ് പഠിക്കുന്നത്.

..............

പ്രവാസികളും സാധാരണക്കാരുമായ രക്ഷിതാക്കൾ ഫീസടയ്ക്കാൻ നിവൃത്തിയില്ലാതെ നെട്ടോട്ടമോടുകയാണ്. ജില്ലാ കളക്ടറും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണം.

- പി.വി.സന്തോഷ്, രക്ഷകർത്താവ്

..................

ജില്ലയിൽ സി.ബി.എസ്.ഇ സ്കൂളുകളുടെ എണ്ണം - 87

ഡൊണേഷൻ - 10,000 മുതൽ 30,000 വരെ

..................

 പ്രാരംഭ ഫീസിനത്തിൽ വാങ്ങുന്നത് ആയിരങ്ങൾ

 ഓൺലൈൻ ക്ലാസിലും ലാബ് ഫീസും ലൈബ്രറി ഫീസും അടയ്ക്കണം

 മുഴുവൻ ഫീസ് അടയ്ക്കാത്തവർക്ക് പാഠപുസ്തകമില്ലെന്ന് ഭീഷണി

......................