ആലപ്പുഴ: ഒളിമ്പിക്സ് വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ട്രയാത്തലോണിന് തുടക്കമായി. ഇന്നലെ രാവിലെ 10.30ന് മങ്കൊമ്പ് ആറ്റിൽ ഒളിമ്പ്യൻ അനിൽകുമാർ ട്രയാത്തലോൺ ഫ്ലാഗ് ഓഫ് ചെയ്തു. കാവാലം സ്വദേശി ബിനീഷ് തോമസും, മങ്കൊമ്പ് സ്വദേശി ചന്തുവുമാണ് മത്സരത്തിൽ പങ്കെടുത്തത്. തുടക്കത്തിൽ മങ്കൊമ്പിൽ നിന്ന് നസ്രത്ത് പള്ളി വരെ 1.9 കിലോമീറ്റർ ദൂരം ഇരുവരും നീന്തി. തുടർന്ന് ആലപ്പുഴ,തോട്ടപ്പള്ളി, തിരുവല്ല വഴി മങ്കൊമ്പ് വരെ 90 കിലോമീറ്റർ സൈക്കിൾ സവാരി. മങ്കൊമ്പിൽ നിന്ന് പല വഴി ചുറ്റി ഓടി 21 കിലോമീറ്റർ പൂർത്തിയാക്കി ആലപ്പുഴ ടൗൺ ഹാളിന് മുന്നിലെത്തി. കനത്ത മഴയെ അവഗണിച്ച് ആകെ 110 കിലോമീറ്ററാണ് ഇരുവരും പൂർത്തിയാക്കിയത്. സമാപനസമ്മേളനംഎ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യാതിഥിയായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ്,
സി.റ്റി.സോജി, നവാസ് ബഷീർ, സന്തോഷ് തോമസ്, വിമൽ പക്കി എന്നിവർ പങ്കെടുത്തു.