ആലപ്പുഴ: കൊവിഡ് ജില്ലയിൽ നിയന്ത്രണ വിധേയമാണെങ്കിലും സാമൂഹിക വ്യാപനം തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്താനും സ്രവപരിശോധന ഇരട്ടിയാക്കാനും ഉന്നതല യോഗം തീരുമാനിച്ചു. പ്രതിദിനം 400 സ്രവപരിശോധനകൾ നടക്കും. ഇപ്പോൾ 200 എണ്ണമേ നടക്കുന്നുള്ളൂ.
ലാബ് പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. ലാബ് ടെസ്റ്റുകൾക്കായി കൂടുതൽ മൊബൈൽ ലാബുകൾ മൂന്നുദിവസത്തിനകം സജ്ജമാക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയ്ക്ക് പുറമേ ജില്ലയിൽ രണ്ട് ആശുപത്രികൾ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്തു. കായംകുളം എൽമെക്സ് ആശുപത്രി, ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി എന്നിവയാണ് ഏറ്റെടുത്തത്. എൽമെക്സ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു . സെഞ്ച്വറി ആശുപത്രി ഒരാഴ്ചക്കകം പ്രവർത്തനം ആരംഭിക്കുമെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു.
ഐസൊലേഷൻ സൗജന്യം
വിദേശത്ത് നിന്നും തിരികെ എത്തുന്നവരിൽ വീടുകളിൽ ഐസൊലേഷൻ സൗകര്യമുള്ളവർക്ക് വീടുകളിലേക്ക് പോകാം. അല്ലാത്തവർക്ക് സൗജന്യമായി ഐസൊലേഷനിൽ കഴിയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് പെയ്ഡ് ക്വാറന്റൈൻ സംവിധാനവും പ്രയോജനപ്പെടുത്താം. സൗജന്യ ക്വാറന്റൈൻ ഒരുക്കാനായി ഹോട്ടൽ മുറികൾ, ഹോസ്റ്റലുകൾ തുടങ്ങിയവ വിട്ടു നൽകിയവർക്ക് സർക്കാർ നിബന്ധനപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായി അടിസ്ഥാന വാടക നൽകും. വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവുകളും നൽകും.