ഹരിപ്പാട്: കരുവാറ്റാ പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്ററുകളിൽ സന്നദ്ധ പ്രവർത്തനവും ഭക്ഷണ വിതരണവും നടത്തി മാതൃകയായ കരുവാറ്റ പാലക്കാട്ടുപറമ്പിൽ സുനന്ദയ്ക്ക് സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റി വീട് നിർമ്മിച്ച് നൽകും. മഹാമാരിയെ തുടർന്ന് സാമൂഹ്യ അടുക്കളയിൽ നിന്നും സി.ബി.സി വാര്യർ ഫൗണ്ടേഷൻ ജനകീയ അടുക്കളയുടേയും സജീവ പ്രവർത്തകയായിരുന്നു. കോവിഡ് കെയർ സെന്ററിൽ സന്നദ്ധ പ്രവർത്തനത്തിന് പലരും മടിച്ചു നിന്ന സാഹചര്യത്തിലാണ് സുനന്ദ ചുമതല ഏറ്റെടുത്തത്. ഹരിപ്പാട് പ്രവർത്തിക്കുന്ന സെന്ററിൽ കഴിയുന്നവർക്ക് സൈക്കിളിൽ 10 കിലോമീറ്റർ യാത്ര ചെയ്ത് മൂന്നു നേരവും ഭക്ഷണം എത്തിക്കുന്ന പ്രവർത്തനം ഒരു മുടക്കവും കൂടാതെ നടത്തുകയാണ്. രോഗിയായ ഭർത്താവും 10 വയസും ഏഴു വയസുമുള്ള കുട്ടികളുമടങ്ങുന്ന കുടുംബം തകര ഷീറ്റടിച്ച കൂരയിലാണ് കഴിയുന്നത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. സി.പി.എം അംഗവും കരുവാറ്റാ പഞ്ചായത്ത് 13-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിയുമാണ് സുനന്ദ . ഓണത്തിന് മുൻപ് വീട് നിർമ്മാണം പൂർത്തീകരിച്ച് കൈമാറുവാനാണ് സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.