ഹരിപ്പാട്: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മി​റ്റിയുടെ തീരുമാനപ്രകാരം ഹരിപ്പാട് റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കുക, ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത ബസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ധനസഹായം നൽകുക, കാരുണ്യ ചികിത്സാ പദ്ധതി പഴയ രീതിയിൽ പുന:സ്ഥാപിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ധനസഹായമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന ധർണ ഐ.എൻ.ടി.യു.സി.ദേശീയ നിർവാഹക സമിതി അംഗം എ.കെ രാജൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.ജി ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ വൈസ് പ്രസിഡൻ്റ് ആയാപറമ്പ് രാമചന്ദ്രൻ സ്വാഗതവും യുവജന വിഭാഗം ജില്ല പ്രസിഡന്റ് എസ്.താര നന്ദിയും പറഞ്ഞു. ഐ.എൻ.ടി.യു.സി ഭാരവാഹികളായ ടി​.പി.ബിജു, സജിനി, നിജു കുന്നമ്പള്ളിൽ, ശരത്, ബാബു, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.