ചാരുംമൂട് : നിർദ്ധിഷ്ട തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിയുടെ സഞ്ചാരപാതയിൽ മാറ്റം വേണമെന്ന് മാവേലിക്കര നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി ആവശ്യപ്പെട്ടു. ചരിത്ര പശ്ചാത്തലമുള്ള ക്ഷേത്രത്തിന് 18 കരകളാണുള്ളത്. നൂറനാട്, പാലമേൽ ഗ്രാമ പഞ്ചായത്തുകളിലായാണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.

ശിവരാത്രി ദിവസം നടക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനം. ഈ ദിവസം മുഴുവൻകരകളിൽ നിന്നും കെട്ടിയൊരുക്കുന്ന നന്ദികേശ രൂപങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചുള്ള കെട്ടുകാഴ്ചയോടെയാണ് ആചാര അനുഷ്ടാനങ്ങൾ പൂർത്തിയാക്കുന്നത്.

എന്നാൽ പദ്ധതി യാഥാർത്ഥ്യമായാൽ ശിവരാത്രി ഉത്സവത്തിൽ 8 കരകളിലെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ എത്തിയ്ക്കാൻ കഴിയാതെ വരും. കൂടാതെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് അവരുടെ വാസസ്ഥലം ഒഴിഞ്ഞു പോകേണ്ടിയും വരും.
ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടംതട്ടാത്ത വിധം പാതയുടെ സ്ഥാനം ഒരു കിലോമീറ്റർ കിഴക്കോട്ട് മാറി ജനവാസം കുറഞ്ഞ പ്രദേശത്തുകൂടിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം.