photo

ചാരുംമൂട് : ജില്ലയിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ബ്ളോക്കായി ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിനെ ആർ.രാജേഷ് എം.എൽ.എ പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയിലെ ആറു പഞ്ചായത്തുകളിലായി ഏഴ് പച്ചത്തുരുത്തുകളാണ് നിർമ്മിയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പച്ചത്തുരുത്ത് പദ്ധതിയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന പദ്ധതി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടപ്പിലാക്കുന്നത്. വൃക്ഷത്തെകൾ നടുകയും തുടർന്നുള്ള പരിപാലനം ഉറപ്പാക്കി ചെറുവനങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ബ്ലോക്ക് ഓഫീസ് അങ്കണത്തിലെ 10 സെന്റിൽ വൃക്ഷത്തൈകൾ നടും. ബ്ളോക്ക് തല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ആർ.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. പ്രസിഡന്റ് രജനി ജയദേവ് അദ്ധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാ ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ എം.കെ. വിമലൻ, ആർലീന , പഞ്ചായത്തംഗം വി രാജു, സെക്രട്ടറി ഇ.ദിൽഷാദ്, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്, ജോയിന്റ് ബി.ഡി.ഒ കെ.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.