photo

ചേർത്തല: ഇന്റർനെ​റ്റ് വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ.ചേർത്തല മുനിസിപ്പൽ 12ാം വാർഡിൽ കൊച്ചുവെളിയിൽ അഖിലി(22)നെയാണ് സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെ വിവിധ ഗ്രൂപ്പുകളിലേക്ക് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി കണ്ടെത്തി. ഇന്റർനെ​റ്റിലെ വിവിധ സൈ​റ്റുകളിൽ നിന്ന് ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ദിവസങ്ങളായി ഇയാൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണടക്കം കണ്ടെത്തി. എസ്.ഐ ലൈസാദ് മുഹമ്മദ്, ജൂനിയർ എസ്.ഐ അഭിലാഷ്,ഗ്രേഡ് എസ്.ഐ കെ.ബാബു, സൈബർസെൽ സീനിയർ സി.പി.ഒ അഫ്‌സൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.