ഇരുവശങ്ങളിലേക്കും നീക്കാൻ തീരുമാനം
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തു നിന്ന് വാരുന്ന മണൽ കൊണ്ടുപോകാൻ കെ.എം.എം.എൽ താമസം വരുത്തുന്നതിനാൽ പൊഴിയുടെ ഇരു വശങ്ങളിലായി ഇന്നു നിക്ഷേപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കഴിഞ്ഞ 34 ദിവസത്തിനിടെ 1.5 ലക്ഷം മീറ്റർക്യൂബ് മണൽ വാരിയെങ്കിലും ഇന്നലെ വരെ 30,000 മീറ്റർക്യൂബാണ് കെ.എം.എം.എൽ ചവറയിലേക്ക് കൊണ്ടുപോയത്. ശേഷിക്കുന്ന മണൽ പൊഴിമുഖത്ത് കൂടിക്കിടന്നാൽ നീരൊഴുക്കിനെ ബാധിക്കുമെന്നതിനാലാണ് ഇരുവശങ്ങളിലേക്കും നീക്കാൻ തീരുമാനിച്ചത്. ജൂലായ് 15ന് മുമ്പ് കരാർ പ്രകാരമുള്ള മണൽവാരൽ നടത്താനാവുമെന്നാണ് പ്രതീക്ഷ. പൊഴിമുഖത്തെ വടക്കേക്കരയിലെ ചെളികലർന്ന മണൽ മണ്ണുംപുറം കോളനിയിൽ നിക്ഷേപിക്കുന്നത് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയായാൽ മണൽ നീക്കം വേഗത്തിലാക്കാൻ കെ.എം.എം.എല്ലിന് കഴിയും. ഇരുവശങ്ങളിലുമായി നിക്ഷേപിക്കുന്ന മണൽ വെള്ളപ്പൊക്കത്തിനു മുമ്പ് നീക്കിയില്ലെങ്കിൽ വീണ്ടും കടലിലേക്ക് ഒഴുകുമെന്നൊരു വിഷയം കൂടിയുണ്ട്.
വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ അഞ്ച് ഡ്രഡ്ജറുകളാണ് കിണഞ്ഞ് പരിശ്രമിക്കുന്നത്. വീയപുരം, കുറിച്ചിക്കൽ, പാണ്ടി, തോട്ടപ്പള്ളി എന്നിവിടങ്ങളിലാണ് ഡ്രഡ്ജിംഗ്. 11 കിലോമീറ്റർ നീളമുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ നീക്കേണ്ടത് 3.12 ലക്ഷം ക്യുബിക് മീറ്റർ മണലാണ്. ഇന്നലെ വരെ 25,000 ക്യൂബിക് മീറ്റർ മാത്രമാണ് നീക്കം ചെയ്യാൻ കഴിഞ്ഞത്. ശേഷി കൂടിയ രണ്ട് ഡ്രഡ്ജർ കൂടി അടുത്തദിവസം എത്തുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു.
ഡ്രഡ്ജിംഗിലും പ്രതിസന്ധി
ലീഡിഗ് ചാനലിൽ നിന്ന് ഡ്രഡ്ജ് ചെയ്യുന്ന മണൽ ശേഖരിക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. വീയപുരത്ത് പാടശേഖരങ്ങളുടെ വശങ്ങളിൽ മണൽ നിക്ഷേപിക്കാൻ കരാറുകാരൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുമൂലം നടന്നില്ല. സർക്കാർ ഉടമസ്ഥതയിലുള്ള വീയപുരം തടി ഡിപ്പോയുടെ അധീനതയിലുള്ള സ്ഥലത്ത് മണൽ നിക്ഷേപിക്കാൻ ഇറിഗേഷൻ വകുപ്പും ഡിപ്പോ അധികൃതരും ചർച്ചയിലാണ്. പുത്തൻ പാലത്തിന് കഴിക്ക് സർക്കാർ പുറംപോക്ക് സ്ഥലത്ത് മണൽ നിക്ഷേപിക്കാനുള്ള ശ്രമം ജില്ലാ ഭരണകൂടം ആരംഭിച്ചു.
..............................
നീക്കം ചെയ്യേണ്ടത് 86,000 ചതുരശ്രമീറ്റർ സ്ഥലത്തെ മണൽ
ഇതുവരെ നീക്കിയത് 64,000 ചതുരശ്രമീറ്റർ സ്ഥലത്തുനിന്ന്
.......................................
# സംശയ നിഴൽ
മണൽ പൊഴിമുഖത്തിന്റെ ഇരുവശവും നിക്ഷേപിക്കാനുള്ള തീരുമാനത്തിന് പിന്നിൽ രഹസ്യ അജണ്ട ഉണ്ടോ എന്നതാണ് പ്രതിഷേധക്കാരുടെ സംശയം. മണൽ നിക്ഷേപിക്കാൻ തീരുമാനിച്ച സ്ഥലത്ത് ധാതുസമ്പത്ത് ഏറെയുണ്ട്. നിലവിൽ നീക്കുന്ന മണലിൽ 40 മുതൽ 57ശതമാനം വരെയാണ് ധാതുസമ്പത്ത്. മണൽ നിക്ഷേപിക്കാൻ തീരുമാനിച്ച ഭാഗത്ത് 80 ശതമാനത്തിലധികം ധാതു സമ്പത്തുണ്ട്. ഈ ഭാഗത്തെ മണലെടുക്കാനുള്ള നീക്കം ഉണ്ടായപ്പോഴാണ് കഴിഞ്ഞ ദിവസം വീട്ടമ്മമാർ ടിപ്പർ ലോറിക്ക് മുന്നിൽ കഞ്ഞിവയ്പ് സമരം നടത്തിയത്. നിക്ഷേപിക്കുന്ന മണലിനു പുറമേ ഈ ഭാഗത്തെ മണൽ കൂടി എടുക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നും പ്രതിഷേധക്കാർ പറയുന്നു.