വെറ്റില കർഷർ പെരുവഴിയിൽ
ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള 'തുപ്പരുത്, തോറ്റുപോകും' എന്ന മുദ്രാവാക്യം ഓണാട്ടുകരയുടെ മുഖ്യ ജീവനോപാധികളിലൊന്നായ വെറ്രില കൃഷിയെ ചവച്ചു തുപ്പുന്നു! മുറുക്കാൻ വില്പനയിലെ ഗണ്യമായ ഇടിവാണ് വെറ്റില കർഷകരെ വഴിയാധാരമാക്കുന്നത്.
വെറ്രിലയ്ക്ക് ഏറ്റവും കൂടുതൽ വില കിട്ടുന്നത് മാർച്ച് മുതൽ മേയ് വരെയാണ്. വെറ്രില ഉത്പാദനം പൊതുവെ കുറയുന്നതിനാൽ ഈ മാസങ്ങളിൽ മാർക്കറ്രിലെത്തുന്ന വെറ്റിലയ്ക്ക് തീ വിലയാണ്.കർഷകന്റെ പ്രാരാബ്ദ്ധങ്ങൾ ഒരു പരിധിവരെ നീങ്ങുന്നതും ഈ സമയത്താണ്.പക്ഷെ ഇക്കുറി എല്ലാം തകിടം മറിഞ്ഞു. അപൂർവ്വം ചില ആയുർവേദ എണ്ണക്കൂട്ടുകൾക്ക് ഉപയോഗിക്കുന്നതൊഴിച്ചാൽ മുറുക്കാനുള്ള ആവശ്യത്തിന് മാത്രമാണ് വെറ്റില പ്രധാനമായി ഉപയോഗിക്കുന്നത്.വിവാഹങ്ങൾക്ക് ദക്ഷിണ വയ്പ്, കതിർമണ്ഡപത്തിലെ ഒരുക്ക് തുടങ്ങിയ ആവശ്യങ്ങൾക്കും നാമമാത്രമായി വെറ്റില വേണ്ടിവരും.പക്ഷെ കൊവിഡ് എല്ലായിടത്തും പാരയായി.
ഒരു വെറ്രക്കൊടിയുണ്ടെങ്കിൽ ആ വീട്ടിൽ അല്ലലില്ല എന്നതാണ് ഓണാട്ടുകരയിലെ ചൊല്ല്. കൊടിയുടെ പാത്തികളോട് ചേർന്ന് പച്ചമുളക് , തക്കാളി, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യാറുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ഇതെല്ലാം ചെറിയ അളവിൽ വിൽക്കാമെന്നതിനാൽ ദൈനംദിന കാര്യങ്ങൾ പഞ്ഞമില്ലാതെ നടക്കും.താമരക്കുളം, പന്തളം, കരുനാഗപ്പള്ളി,പറക്കോട്, ഓച്ചിറ എന്നിവിടങ്ങളിലാണ് വെറ്റയുടെ പ്രധാന മാർക്കറ്റുകൾ.
ചെറുതല്ല മുതൽ മുടക്ക്
500 തണ്ടുകളെങ്കിലും (വെറ്റില തല) ഉള്ള ഒരു കൊടി ഇടാൻ കുറഞ്ഞത് ഒന്നര ലക്ഷം രൂപ വേണം.കൊടിയിടാനുള്ള കമുകിൻകീറ്, കുറ്റി, തണ്ട്, വലിച്ചു കെട്ടാനുള്ള കമ്പി,കയർ തുടങ്ങിയവയാണ് വേണ്ട വസ്തുക്കൾ. നല്ലയിനം വെറ്റിലത്തണ്ട് 100 എണ്ണത്തിന് 5000 രൂപയോളമാവും. പുറമെ മൂന്ന്, നാലുപേരുടെ ജോലിക്കൂലി. കറണ്ട് ചാർജ്ജ് നല്ലൊരു തുകയാവും.കൊടിയിട്ടാൽ പിന്നെ രണ്ട് വർഷത്തേക്ക് കാര്യമായ പണികളില്ല.രണ്ട് മാസം കഴിയുമ്പോൾ മുതൽ ഇല നുള്ളിതുടങ്ങാം.കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി തുടങ്ങിയ വളങ്ങളാണ് പ്രയോഗിക്കുക. ആഴ്ചയിൽ ഒരു ദിവസമാണ് വെറ്റപിച്ചൽ (വിളവെടുക്കൽ).
.....................................................
# മഴ വിഷയമാണ്
കൂടുതൽ തളിരില കിട്ടുന്നത് മഴക്കാലത്ത്
ഇതോടെ കമ്പോളത്തിൽ വെറ്റില വരവ് കൂടും
ഇതോടെ വിലയിടിയും
ഇപ്പോൾ ഒരു കെട്ട് വെറ്റയ്ക്ക് (80 വെറ്റില) 20- 30 രൂപ
മാർച്ച്, മേയ് മാസങ്ങളിൽ വില 100- 120
.....................................
കടകളെല്ലാം അടഞ്ഞതോടെ വെറ്റയ്ക്ക് ചെലവില്ലാതായി.മഴക്കാലമായാൽ കൂടുതൽ വെറ്റില മാർക്കറ്രിലെത്തും.അതോടെ ആർക്കും വേണ്ടാതാവും.കൂടുതൽ സഹായങ്ങൾ കർഷകർക്ക് നൽകിയാലേ ഈ മേഖല നിലനിൽക്കൂ
ഉണ്ണിക്കൃഷ്ണപിള്ള, കോലടുത്ത്- വെറ്റില കർഷകൻ