ആലപ്പുഴ: മത്സ്യഫെഡ് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന 'പ്രതിഭാതീരം' പദ്ധതി തീരദേശ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാ​റ്റം കൊണ്ടുവരുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. കൈനകരിയിൽ കെ.എസ്.എഫ്.ഇ സഹായത്തോടെ മത്സ്യഫെഡ് ആരംഭിച്ച ഓൺലൈൻ പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി വിജയകരമായി നടന്നുവരുന്ന പദ്ധതിയാണ് പ്രതിഭാതീരം. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി കെ.എസ്.എഫ്.ഇയുടെ സഹായത്തോടെയാണ് സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്. പദ്ധതിയുടെ പേരിനെ അന്വർത്ഥമാക്കുന്ന വിധം പ്രതിഭകളെ തീരദേശ മേഖലയിൽ നിന്നു ഉയർത്തിക്കൊണ്ട് വരാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. കൈനകരി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി സഹകരണസംഘം ഹാളിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ എം.സി. പ്രസാദ്, സനൽ കുമാർ എന്നിവർ പങ്കെടുത്തു.മത്സ്യഫെഡ് ജില്ലാ ഡെപ്യൂട്ടി മാനേജർ കെ. സജീവൻ സ്വാഗതവും സിത്താര നന്ദിയും പറഞ്ഞു.