ആലപ്പുഴ:തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ കരിമണൽ മാഫിയയുടെ ആളുകളായി ചിത്രീകരിച്ച വ്യവസായ മന്ത്റിയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രസ്താവിച്ചു.
ഇത്രയേറെ ജനകീയ പ്രതിഷേധമുണ്ടായിട്ടും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും മണൽ കടത്തും നിർത്തിവയ്ക്കാനാകില്ലെന്ന നിലപാടിന് പിന്നിൽ സർക്കാരിന്റെ ഗൂഢ താല്പര്യം പ്രകടമാണ്. ഖനനത്തിനെതിരെ സമാധാനപരമായി സമരം നടക്കുന്ന പുറക്കാട് പഞ്ചായത്തിൽ വി. എം. സുധീരന്റെ സത്യാഗ്രഹ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നിലും സർക്കാരിന് ദുരുദ്ദ്യേശമുണ്ട്. തിരുവന്തപുരത്തു പള്ളിപ്പുറത്തു ടെക്നോസിറ്റിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനം നടത്താനുള്ള നീക്കവും ഇതിനൊപ്പം ചേർത്ത് വായിക്കണം.
മണൽ കടത്തു നിർത്തിവയ്ക്കാനുള്ള പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലവിലിരിക്കെ ജനകീയ സമരത്തെ പോലും അവഗണിച്ചുകൊണ്ട് ഖനനം തുടരുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ജനങ്ങളുടെ താത്പര്യമല്ല മറിച്ചു ബാഹ്യ ശക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.