 നഗര റോഡുകൾ വെള്ളക്കെട്ടിൽ

ആലപ്പുഴ: കാലവർഷം എത്തിയിട്ടും ആലപ്പുഴ നഗരത്തിലെ നീരൊഴുക്ക് നടപടികൾ ഇഴയുന്നതിനാൽ നഗരം വെള്ളക്കെട്ടിൽ കുടുങ്ങുന്ന അവസ്ഥ.

ദേശീയപാത, പൊതുമരാമത്ത്, നഗരസഭ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് നഗരത്തിലെ കാനകൾ. കഴിഞ്ഞ ദിവസം രാവിലെ പെയ്ത മഴയിൽ എ.വി.ജെ ജംഗ്ഷൻ- മുല്ലയ്ക്കൽ സീറോ ജംഗ്ഷൻ റോഡ് മുങ്ങി. വേണ്ടത്ര ഫണ്ട് സർക്കാർ നൽകുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് പ്രധാനകാരണം. പിച്ചു അയ്യർ ജംഗ്ഷൻ, എ.വി.ജെ, മുല്ലയ്ക്കൽ, തിരുവമ്പാടി, ജില്ലാക്കോടതി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നത് പൊതുമരാമത്ത് വകുപ്പിന്റെ കാനകളാണ്.

ഷഢാമണി തോട്ടിലെ വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗം ഇല്ലാത്ത അവസ്ഥയാണ്. ഇരുമ്പ് പാലത്തിന് സമീപം ചാക്കിട്ട് അടച്ചത് കൊട്ടാരം തോട്ടിലക്ക് വെള്ളം ഒഴുകാൻ തടസമാമാണ്. സീറോ ജംഗ്ഷൻ മുതൽ തോണ്ടൻകുളങ്ങര വരെയുള്ള ഭാഗത്തെ കാനകളുടെ നവീകരണം നഗരസഭ അമൃത് പദ്ധതയിൽ ഉൾപ്പെടുത്തിയെങ്കിലും നഗരവികസന പദ്ധതയിൽ നടപ്പാക്കുമെന്ന വാഗ്ദാനത്തെ തുടർന്ന് ആ പദ്ധതിയും ഇല്ലാതായി.

 കാനകൾ കാണാൻ ആളില്ല

നഗരത്തിലെ 52 വാർഡുകളിലും ഒരു കിലോമീറ്ററിലേറെയുള്ള കാനകളുണ്ട്. ഇതെല്ലാം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്. നഗരത്തെ മഴക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ ഒരുകോടി ചെലവഴിച്ച് ചെറുതോടുകളുടെ നവീകരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 102 ചെറുതോടുകളാണ് നവീകരിക്കുന്നത്.