മാവേലിക്കര: വിനീതയ്ക്ക് വെന്റിലേറ്റർ സൗകര്യം ലഭിക്കും. തുടർ ചികിത്സയും. ജീവകാരുണ്യ പ്രവർത്തകനും സാമൂഹിക സേവകനുമായ നാസർമാനുവിന്റെ വാഗ്ദാനത്തോടെയാണ് തഴക്കര സ്വദേശിനി വിനീതയ്ക്ക് ആശ്വാസമെത്തുന്നത്. ഹൃദയത്തിലേക്ക് ഓക്സിജൻ ലഭിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്ന അപൂർവ അസുഖമാണ് വിനീതയ്ക്ക്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിനീതയുടെ ദുരവസ്ഥ മനസിലാക്കിയ മാനു കഴിഞ്ഞ ദിവസം വിനീതയുടെ തക്കരയിലെ വാടകവീട് സന്ദർശിക്കുകയും ചികിത്സയ്ക്കാവശ്യമായ സഹായം വാഗ്ദാനം നൽകുകയും ചെയ്തു. വിനീതയുടെ ജീവൻ നിലനിർത്താൻ വെന്റിലേറ്റർ ആവശ്യമാണ്. ആദ്യഘട്ടമെന്ന നിലയിൽ വെന്റിലേറ്റർ സൗകര്യം എത്തിക്കാനും തുടർന്നുള്ള ചികിത്സയ്ക്ക് ആവശ്യമായ സഹായവും നാസർമാനു വാഗ്ദാനം ചെയ്തിട്ടുണ്ട്. ആർ.രാജേഷ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, മുരളി തഴക്കര, പഞ്ചായത്തംഗം ജിജിത്ത്കുമാർ, പി.കെ.വിദ്യാധരൻ, വി.മാത്തുണ്ണി, സി.ഡി.വേണുഗോപാൽ, സുനിൽകുമാർ, ഗോകുൽ രംഗൻ, അജി നിറം, കൃഷ്ണകുമാർ, ഉമ്മൻ നൈനാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.