മാവേലിക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ പ്രവേശനകവാടത്തിൽ നാലര വർഷം മുമ്പ് നിർമ്മാണമാരംഭിച്ച് മുടങ്ങിക്കിടക്കുന്ന വ്യാപാരസമുച്ചയത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി റീത്ത് വച്ചു പ്രതിഷേധിച്ചു.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ വ്യാപാരസമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കം നഗരസഭ ഉന്നയിക്കുകയും സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു. വ്യാപാരസമുച്ചയത്തിന്റെ നിർമ്മാണം നിറുത്തിവച്ചതോടെ 300 ചാക്ക് സിമന്റ് കട്ടപിടിച്ചു നശിച്ചുപോ. പകുതി പണിഞ്ഞ ബേസ്‌മെന്റ് തകർന്ന നിലയിലും കമ്പികൾ തുരുമ്പെടുത്ത അവസ്ഥയിലുമാണ്. സമരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനു സജീവ്, കെ.എസ്.യു ജില്ലാസെക്രട്ടറി സിംജോ സാമുവേൽ സക്കറിയ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. അഖിൽ, പ്രശാന്ത് ജി.നമ്പൂതിരി, ആശിഷ് പി.വർഗീസ്, ആദർശ്, ബേബൻ, ബ്ലസൻ, ജോയൽ തുടങ്ങിയവർ സംസാരിച്ചു.