ചേർത്തല: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കാർഷിക ഓപ്പൺ സ്‌കൂൾ കൃഷി പഠിക്കാൻ താത്പര്യമുള്ളവർക്ക് ഓൺലൈനിൽ പഠനമൊരുക്കുന്നു. ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ kanjikuzhyscbയിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്.
2016 ൽ ബാങ്ക് ആരംഭിച്ച കാർഷിക ഓപ്പൺ സ്‌കൂളിൽ 14 ബാച്ച് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടൽ വന്നതോടെ പുതിയ ബാച്ച് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.കഞ്ഞിക്കുഴിയിലെ കൃഷിത്തോട്ടങ്ങൾ ക്ലാസ് മുറികളാക്കി, പരമ്പരാഗത കർഷകരും വിരമിച്ച കൃഷി ഉദ്യോഗസ്ഥരും അദ്ധ്യാപകരായ രീതിയിലായിരുന്നു ഓപ്പൺ സ്‌കൂൾ പ്രവർത്തിച്ചിരുന്നത്.6 ഞായറാഴ്ചകളിലായി 18 മണിക്കൂറായിരുന്നു പഠന സമയം. വിവിധ വിളകളെ സംബന്ധിച്ച് വിദഗ്ദ്ധരുടെ ക്ലാസുകളും ഓൺലൈൻ പഠനത്തിന്റെ ഭാഗമായുണ്ടാകും.സംയോജിത കൃഷിയുടെ ഭാഗമായുള്ള കോഴി, താറാവ്, മത്സ്യം,ആട്,പശു തുടങ്ങിയവയെ സംബന്ധിച്ചും ക്ലാസ് ഉണ്ടാകുമെന്ന് ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാറും ഓപ്പൺ സ്‌കൂൾ കൺവീനർ ജി.ഉദയപ്പനും പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. സ്വാതന്ത്റ്യത്തിന്റെ പേരിൽ ബാങ്കിൽ കർഷക പഠനകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.ഇവിടെ ആധുനിക സംവിധാനത്തോടെയുള്ള കാർഷിക പഠന സംവിധാനവും ഉണ്ട്. ഇന്ന് കർഷകമിത്ര ടി.എസ്. വിശ്വൻ ഓൺലൈൻ പഠന സ്‌കൂൾ ഉദ്ഘാടനം ചെയ്യും. പഠിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും. ഫോൺ: 9400449296.