ചേർത്തല: തണ്ണീർമുക്കത്തെ റോഡുകൾ സ്മാർട്ടാക്കാൻ 11 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. ഹൈടെക് റോഡുകൾ മുതൽ നടപ്പാതകൾ വരെ നവീകരിക്കാൻ ആറു കോടിയുടെ പദ്ധതിക്ക് പഞ്ചായത്ത് ഭരണാനുമതി നൽകി.

പ്രളയം തകർത്തെറിഞ്ഞ മണവേലി ചാലി പള്ളിറോഡിന് മുഖ്യമന്ത്റിയുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 55 ലക്ഷമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായി ടെൻഡർ ചെയ്ത പ്രവൃത്തിയും ഈ റോഡാണ്. 23 വാർഡുകളിലുമായി പദ്ധതിയിൽപ്പെടുത്തിയ 2 കോടിയുടെ പ്രവൃത്തികളും ടെൻഡർ നടപടികൾ പൂർത്തിയാക്കി ജൂലായ് ആദ്യവാരം നിർമ്മാണം തുടങ്ങും. തൊഴിലുറപ്പ് പദ്ധതി പ്രകാരം പൊതു നടവഴികളുടെ നിർമ്മാണത്തിനായി മൂന്ന് കോടിയുടെ പദ്ധതികൾക്കും പഞ്ചായത്ത് സാങ്കേതിക അനുമതിയും ഭരണാനുമതിയും നൽകി.

ഇതാടൊപ്പം തുറമുഖ വകുപ്പിന്റെ 2കോടിയുടെ പ്രവൃത്തികളുടെ നിർമ്മാണവും ആരംഭിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം മന്ത്റി പി.തിലോത്തമന്റെ നിർദ്ദേശത്തേ തുടർന്ന് വിവിധ വാർഡുകളിലായി 50 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കും അംഗീകാരമായി. മുട്ടത്തിപ്പറമ്പ് സ്‌കൂൾ-കവല റോഡിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം കൂടി അനുവദിച്ചു. പഞ്ചായത്ത് കവല ശസ്താങ്കൽ റോഡിന് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ചു. ജൂലായ്, ആഗസ്​റ്റ് മാസങ്ങൾ കൊണ്ട് മുഴുവൻ റോഡുകളുടെയും നിർമ്മാണം പൂർത്തിയാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു.