കൊവിഡ് പ്രതിസന്ധിയിൽ നൃത്ത അദ്ധ്യാപകർ
ആലപ്പുഴ: ചിലങ്കയിട്ടാടുന്ന കൊവിഡ് ഭീതി മൂലം കലാ അദ്ധ്യാപകരുടെ ജീവിതതാളം തെറ്റുന്നു. ആളും അരങ്ങും നിർജ്ജീവമായതോടെ നൃത്ത വിദ്യാലയങ്ങളുടെ വാടക പോലും അടയ്ക്കാനാവാതെ നട്ടം തിരിയുകയാണ് പല അദ്ധ്യാപകരും.
നൃത്തത്തിൽ ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്കു വേണ്ടി പ്രമുഖ നാട്യവിദ്യാലയങ്ങൾ ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. എന്നാൽ, കുട്ടികൾ മുതൽ അമ്മമാർ വരെ വിദ്യാർത്ഥികളായ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ പ്രാവർത്തികമാവില്ല. ഓരോ ചുവടും മുദ്ര യും നേരിട്ട് പഠിപ്പിക്കേണ്ടതുണ്ട്. പഠിച്ചുകൊണ്ടിരുന്ന ചുവടുകൾ വീട്ടിലിരുന്ന് നിരന്തരം പരിശീലിക്കാനാണ് അദ്ധ്യാപകർ ഇപ്പോൾ ഉപദേശിക്കുന്നത്. വീട്ടിലെത്തി ക്ലാസ് നൽകിയിരുന്നവർക്കും കൊവിഡ് തിരിച്ചടിയായി. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ സ്റ്റേജ് പരിപാടികളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം പൂർണമായും നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ പ്രളയത്തെ തുടർന്ന് സ്‌കൂൾ കലോത്സവങ്ങളും ആരാധനാലയങ്ങളിലെ ആഘോഷങ്ങളും ഉപേക്ഷിക്കപ്പെട്ടപ്പോൾ മുതൽ തുടങ്ങിയതാണ് കലാപരിശീലകരുടെ കഷ്ടകാലം.
വേനലവധിക്കാലത്ത് ധാരാളം കുട്ടികൾ നൃത്തപഠനം ആരംഭിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതും നഷ്ടമായി. പല കുട്ടികളുടെയും അരങ്ങേറ്റം നീട്ടിവച്ചിരിക്കുകയാണ്. ഇതോടെ, അരങ്ങേറ്റം കുറിക്കുന്ന കുട്ടികളിൽ നിന്ന് ദക്ഷിണയായി ലഭിച്ചിരുന്ന വരുമാനവും ഇല്ലാതായി.
സ്ത്രീകളിൽ പലരും അമിതവണ്ണം കുറയ്ക്കാനും ആരോഗ്യസംരക്ഷണത്തിനുമായി നൃത്തത്തെ ആശ്രയിച്ചതോടെ വിവാഹിതരും അമ്മമാരുമായ നൃത്ത 'വിദ്യാർത്ഥി'കളുടെ എണ്ണം അഞ്ച് വർഷത്തിനിടെ വർദ്ധിച്ചിരുന്നു.മേഖലയെ ആശ്രയിക്കുന്ന മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈനർ, പക്കമേളം തുടങ്ങിയ വിഭാഗങ്ങളുടെയും വരുമാനം നിലച്ചു.
..................
# പ്രതിസന്ധികൾ
നൃത്തവിദ്യാലയങ്ങളുടെ കെട്ടിടവാടക മുടങ്ങുന്നു
ഓൺലൈൻ നൃത്ത ക്ലാസ് പ്രായോഗികമല്ല
വീട്ടിലെത്തിയുള്ള ക്ലാസും മുടങ്ങി
........................
# പ്രതിമാസ ഫീസ്
കുട്ടികൾ: 350- 400
അമ്മമാർ: 400- 450
വീട്ടിലെത്തിയുള്ള പരിശീലനം: 2000 - 2500 (ശനി, ഞായർ)
........................
വാടകക്കെട്ടിടത്തിലാണ് സ്കൂൾ നടത്തുന്നത്. മൂന്നു മാസമായി യാതൊരു വരുമാനവുമില്ല. വിദ്യാർത്ഥികൾ കൂടുതലും കൊച്ചുകുട്ടികളായതിനാൽ ഓൺലൈൻ ക്ലാസ് പ്രാവർത്തികമാവില്ല
ശൈലേഷ്, നൃത്ത അദ്ധ്യാപകൻ, എസ്.എസ് നാട്യ കേന്ദ്ര