എൽ.ഡി.എഫ് - യു.ഡി.എഫ് ഒത്തുകളിയെന്ന് ബി.ജെ.പി
ആലപ്പുഴ : പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധത്തെത്തുടർന്ന് ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം അലങ്കോലമായി. എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ ചേർന്ന് തിരുവമ്പാടി ഗവ. യു.പി സ്‌കൂളിന്റെ കെട്ടിടം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലെ പിടിപ്പുകേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷമായ എൽ.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.
കഴിഞ്ഞ മേയിൽ തിരുവമ്പാടി ഗവ.യു.പി സ്‌കൂളിന്റെ കെട്ടിടം സ്കൂൾ പി.ടി.എ അംഗങ്ങളും കൗൺസിലർമാരുമായ സി.പി.എമ്മിലെ ഷീല മോഹനന്റെയും കോൺഗ്രസിലെ സജേഷ് ചാക്കുപറമ്പലിന്റെയും നിർദ്ദേശത്തെ തുടർന്ന് പൊളിച്ചു മാറ്റുകയായിരുന്നെന്ന് ബി.ജെ.പി ആരോപിച്ചു. സ്‌കൂൾ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ടെണ്ടർ പൊട്ടിക്കുന്നതിന് മുമ്പാണ് കൗൺസിലർമാർ ചേർന്ന് കെട്ടിടം പൊളിച്ചു നീക്കിയത്. നിസാര തുകയ്ക്ക് കെട്ടിടം പൊളിച്ച് വിൽക്കാൻ തീരുമാനിച്ചവർക്കെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി വേണ്ടെന്ന് ചെയർമാൻ തീരുമാനിച്ചത് സി.പി.എം-കോൺഗ്രസ് അംഗങ്ങളെ സഹായിക്കുന്നിന് വേണ്ടിയാണെന്ന് ബി.ജെ.പി അംഗം ഹരി ആരോപിച്ചു. തുടർന്ന് നാല് ബി.ജെ.പി അംഗങ്ങളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇടതു അംഗങ്ങളാകട്ടെ വിഷയത്തിൽ ഇടപെടാതെ മൗനം പാലിച്ചു. ബി.ജെ.പി അംഗങ്ങളുടെ ബഹിഷ്കരണത്തിന് ശേഷം യോഗം തുടർന്നെങ്കിലും, മഴക്കാല പൂർവ രോഗ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് അംഗങ്ങളും ഇറങ്ങിപ്പോയി.
വിദേശത്ത് നിന്ന് എത്തുന്നവർക്ക് സൗജന്യ ക്വാറന്റൈൻ നൽകണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, എ.എ.റസാഖ്, ബിന്ദു തോമസ്, മുൻ ചെയർമാൻ തോമസ് ജോസഫ്, പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ, എ.ആർ പ്രേം, വിജയകുമാർ എന്നിവർ സംസാരിച്ചു.
കൗൺസിൽ തീരുമാനങ്ങൾ
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടഉടമകളുടെ പേരിൽ നടപടിയെടുക്കും
നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തും
കെട്ടിടവും വിവാദവും
തിരുവമ്പാടി ഗവ. യു.പി സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നഗരസഭ ടെണ്ടർ വിളിച്ചിരുന്നതാണ്. എന്നാൽ, ടെണ്ടർ നൽകിയവർ എത്തുന്നതിനു മുമ്പ് തന്നെ കെട്ടിടം അവിടെ നിന്ന് പൊളിച്ചുനീക്കിയിരുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലമാരുടെ പിന്തുണയോടെ കെട്ടിടം പാെളിച്ചു മാറ്റിയതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളും ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി. അനുമതിയില്ലാതെ കെട്ടിടം പൊളിച്ച് നീക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ എൻജിനിയറും പൊലീസിൽ പരാതി നൽകി. എന്നാൽ, കേസ് വേണ്ടെന്ന് നഗരസഭ ചെയർമാൻ നിലപാടെടുത്തു.
കാനകൾ വൃത്തിയാക്കാത്തതാണ് ചെറിയമഴയിലും നഗരം വെള്ളക്കെട്ടിൽ മുങ്ങാൻ കാരണം. ചെയ്യേണ്ടത് ചെയ്യാതെ മറ്റ് വകുപ്പുകളെ പഴിചാരുന്ന സമീപനമാണ് ചെയർമാനും യു.ഡി.എഫ് അംഗങ്ങളും നടത്തുന്നയ്
ഡി.ലക്ഷ്മണൻ,
പ്രതിപക്ഷ നേതാവ്