s

 പരമ്പരാഗത വള്ളക്കാരും വലയുന്നു

ആലപ്പുഴ: ട്രോളിംഗ് നിരോധനത്തിനൊപ്പം തുടർച്ചയായ കടൽക്ഷോഭവും തീരദേശത്തെ വറുതിയിലാക്കി. ജൂലായ് 31ന് നിരോധനം അവസാനിക്കുന്നതു വരെ തീരത്തെ കാര്യങ്ങൾ കഷ്ടത്തിലാവുമെന്നുറപ്പ്.

ട്രോൾ വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം 52 ദിവസത്തേക്ക് നിരോധിച്ചിരിക്കുകയാണ്. മുമ്പ് 47 ദിവസമായിരുന്നു നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് വള്ളങ്ങളോടൊപ്പമുള്ള കാരിയർ വള്ളങ്ങൾക്കും വിലക്കുണ്ട്. ബോട്ട് തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായിരുന്നു ചെറു വള്ളങ്ങളിലെ മത്സ്യബന്ധനം. ട്രോളിംഗ് നിരോധന സമയത്ത് തീരമേഖലയിൽ സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

സംസ്ഥാനത്ത്, കടലിൽ പോകുന്ന 30,000 വള്ളങ്ങളും 5,000 ബോട്ടുകളുമുണ്ട്. തൊഴിലാളികൾ അഞ്ച് ലക്ഷവും. ഒന്നരലക്ഷം അനുബന്ധ തൊഴിലാളികളുണ്ട്. കടൽക്ഷോഭം തുടരുന്നതാണ് പരമ്പരാഗത തൊഴിലാളികളെ വലയ്ക്കുന്നത്.

 സബ്സിഡിയുമില്ല

അഞ്ചിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന വള്ളങ്ങൾക്ക് ഇന്ധനവില വർദ്ധനയും തിരിച്ചടിയായിട്ടുണ്ട്. ചെറുവള്ളങ്ങളും പൊന്തുവള്ളങ്ങളുമാണ് ഇവർക്ക് ആശ്വാസം. മത്സ്യഫെഡ് മുൻകാലങ്ങളിൽ ഓപ്പൺമാർക്കറ്റിലെ മണ്ണെണ്ണ വിലയെക്കാൾ 80 ശതമാനം വരെ കുറച്ച് നൽകിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി സബ്സിഡി തുകയും നൽകുന്നില്ല.

 ആശ്വാസ പദ്ധതി?

പഞ്ഞമാസങ്ങളിൽ സഹായിക്കാനായി തുടങ്ങിയ ആശ്വാസ പദ്ധതി തുകയും ലഭിച്ചിട്ടില്ല. തൊഴിലാളി വിഹിതം 1500 രൂപയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 1500 രൂപ വീതം നൽകും. മൊത്തം 4,500 രൂപയാണ് തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്.

...........................................

കടൽക്ഷോഭം, ട്രോളിംഗ് നിരോധനം എന്നീ അവസരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ സർക്കാർ നൽകണം. സൗജന്യ റേഷൻ വിതരണം ഉടൻ ആരംഭിക്കണം


(വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ)