ആലപ്പുഴ :കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധനവിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനയും ശക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുതല ജാഗ്രതാസമിതികൾ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലയിൽ നിലവിൽ ആറ് കണ്ടെയിൻമെൻറ് സോണുകൾ നിലവിലുണ്ട്. അരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്, ചെന്നിത്തല പഞ്ചായത്തിലെ പതിനാലാം വാർഡ്, പുന്നപ്ര തെക്ക് പഞ്ചായത്ത്, ആലപ്പുഴ നഗരസഭയിലെ കാഞ്ഞിരംചിറ, പട്ടണക്കാട്, കാർത്തികപ്പള്ളി പഞ്ചായത്തുകളിലെ ഒന്ന് വീതം വാർഡുകളാണ് കണ്ടെയിൻമെൻറ് സോണുകൾ.
ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതോടെ ജനം ഒരു നിയന്ത്രണവും ഇല്ലാതെ തലങ്ങും വിലങ്ങും നിരത്തിലിറങ്ങിയത് പൊലീസിനും തലവേദനയായി. വ്യാപാരശാലകൾ, കടകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതും ആശങ്കപകർന്നിരുന്നു. ശരീര ഊഷ്മാവ് പരിശോധന, കൈകഴുകുന്നതിനുള്ള വെള്ളവും സോപ്പും, സാനിട്ടൈസർ എന്നിവ ലഭ്യമാക്കാതെയാണ് മാർക്കറ്റുകളിലും മറ്റും കടകളുടെ പ്രവർത്തനം. ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശുചീകരണവും മാലിന്യനിർമ്മാർജ്ജനവും കാര്യക്ഷമമായി നടന്നിരുന്നില്ല.
ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം, ജില്ലയിലെ നഗരസഭകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്താൻ തീരുമാനിച്ചത്. പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും ജനങ്ങൾ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് ഡെപ്യൂട്ടി തഹസിൽദാർ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ, ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഓരോ നഗരസഭയിലും പരിശോധനയ്ക്ക് നേതൃത്വം നൽകുക.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം
ജൂൺ ഒന്ന് : 4990
ഇന്നലെ : 7042
സാമൂഹിക വ്യാപനത്തിലൂടെ രോഗം പകർന്നത് : ആറു പേർക്ക്
ഇന്നലെ 5 പേർക്ക് കൊവിഡ്
ജില്ലയിൽ ഇന്നലെ അഞ്ചു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 166 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്.
കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ കായംകുളം സ്വദേശി, ദുബായിൽ നിന്നും കൊച്ചിയിലെത്തിയ 47വയസുള്ള വള്ളികുന്നം സ്വദേശി , സൗദിയിൽ നിന്നും കൊച്ചിയിലെത്തിയ പട്ടണക്കാട് സ്വദേശിനി, റിയാദിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയ 50വയസുള്ള നീലംപേരൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ നിലവിൽ 7042 പേരാണ് നിരീക്ഷണത്തിലുള്ളത്. 201 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു.
കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
ആലപ്പുഴ : ജില്ലയിൽ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടെത്തും. ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കാൻ സാദ്ധ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ കളക്ടറേറ്റിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ജില്ലാകളക്ടർ നിർദേശം നല്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാവും ഇത്തരം സെന്ററുകൾ കണ്ടെത്തുക. പ്രതിദിനം പരിശോധിക്കുന്ന സ്വാബുകളുടെ എണ്ണം 400 ആക്കി ഉയർത്താനും യോഗത്തിൽ തീരുമാനമായി. സ്വാബ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിന് ക്യാബിൻ സൗകര്യമുള്ള 25 വാഹനങ്ങൾ ഉടൻ സജ്ജീകരിക്കും. ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ക്യാബിൻ തിരിച്ച വാഹനങ്ങൾ സജ്ജീകരിക്കും.ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും വരുന്നവരുടെ ജില്ലയിലെ ഡ്രോപ്പിംഗ് പോയിന്റുകളായ ചേർത്തല, ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ പ്രത്യേകം ടാക്സി സർവീസുകൾ എർപ്പെടുത്തി. യാത്റക്കാരിൽ നിന്നും ഡ്രൈവറുടെ സീറ്റ് ക്യാബിൻ തിരിച്ചതായിരിക്കണം. ജില്ല പോലീസ് മേധാവി പി.എസ് സാബു, എ.ഡി.എം. ജെ. മോബി, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്റഹാം, ഡി.എം.ഒ. ഡോ.എൽ. അനിതകുമാരി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു