അമ്പലപ്പുഴ: ചെമ്മീൻ മാലിന്യം കടപ്പുറത്ത് നിക്ഷേപിച്ചത് ചോദ്യം ചെയ്ത സഹോദരങ്ങൾക്ക് മർദ്ദനമേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി പുതുവൽ ശിശുപാലൻ (55), സഹോദരൻ കിഷോർ (35) എന്നിവർക്കാണ് മർദനമേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പ്രദേശത്ത് പതിവായി നിക്ഷേപിക്കുന്ന ചെമ്മീൻ മാലിന്യം തിരയടിച്ച് സമീപത്തെ വീടുകളുടെ പരിസരത്തും തുണികളിലും കലരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരുന്നു. സമീപത്തെ ചെമ്മീൻ പീലിംഗ്‌ ഷെഡിലെ മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. മർദ്ദനമേറ്റ ഇരുവരും ഇത് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഷെഡ് ഉടമയും ,സുഹൃത്തും ചേർന്ന് ഇവരെ മർദിച്ചത്.പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.