കൊച്ചി: പറവൂർ പീഡനക്കേസിൽ പെൺകുട്ടിയുടെ പിതാവ് അടക്കം അഞ്ചുപ്രതികൾക്കു തടവുശിക്ഷ. പിതാവിനു ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പെൺകുട്ടിയുടെ മാതാവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
മറ്റു പ്രതികളായ ഇടപ്പള്ളി പോണേക്കര കുമ്പളംപറമ്പ് റോഡ് ഇസ്മായിൽ (45), കൊല്ലം പത്തനാപുരം വിളക്കുടി മഞ്ഞക്കാല ബിജിത്ത് (35), ആലപ്പുഴ അമ്പലപ്പുഴ പത്താംപിയൂസ് പള്ളിക്കുസമീപം ജസ്‌പാൽ (49) എന്നിവർക്കു 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ആറാം പ്രതി പത്തനാപുരം കലഞ്ഞൂർ നൗഷാദിന് (48) രണ്ടുവർഷം തടവും എറണാകുളം അഡി. സെഷൻസ് ജഡ്ജി മോഹനകൃഷ്ണൻ വിധിച്ചു.

2010 നവംബർ 13 നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ഹോംസ്റ്റേയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പിതാവ് 15,000 രൂപ പ്രതിഫലം വാങ്ങി മകളെ മറ്റുള്ളവർക്കു കാഴ്ചവച്ചതാണെന്നാണ് കുറ്റപത്രം.