ചേർത്തല: വടക്കേ അങ്ങാടിക്കവല വികസന പദ്ധതിയുടെ ഭാഗമായ റോഡു നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് വീണ്ടും ടെൻഡർ നടപടികൾ തുടങ്ങി.
ആദ്യ ടെൻഡറിൽ ആരും പങ്കെടുത്തിരുന്നില്ല. നിർമ്മാണം തുടങ്ങുന്നതിനു മുമ്പായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലെ നടപടികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 23 പ്രമാണങ്ങളിൽ നിന്ന് 43 സെന്റാണ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിലുള്ള 30 കെട്ടിടങ്ങളിൽ 14 ഏണ്ണം ഏറ്റെടുത്തു പൊളിച്ചു കഴിഞ്ഞു.അവശേഷിക്കുന്ന 16ൽ പത്ത് കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
ചില പ്രമാണങ്ങളിൽ അവ്യക്തയും തർക്കങ്ങളുമുള്ളതിനാൽ ആറുകെട്ടിടങ്ങൾ പൊളിക്കുന്നത് അനിശ്ചിതത്വത്തിലാണ്.സെന്റിന് എട്ടരലക്ഷം വീതം നഷ്ടപരിഹാരം നൽകിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.കവലയുടെ മദ്ധ്യത്തിൽ നിന്നു നാലുഭാഗങ്ങളിലേക്കും 50 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് കവല വികസിപ്പിക്കുന്നത്. കവലയുടെ മദ്ധ്യത്തിലിരിക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം 17 ലക്ഷം രൂപ അടച്ചിട്ടും ഇനിയും മാറ്റിയിട്ടില്ല.വികസനത്തിനായുള്ള 8.5 കോടി നേരത്തെ അനുവദിച്ചിരുന്നു.