ഹരിപ്പാട്: ദുബായിൽ നിന്നെത്തിയ യുവാവിനെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശത്തെത്തുടർന്ന് വീട്ടിലെത്തിച്ച ആംബുലൻസ് ജീവനക്കാരെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന് മർദ്ദിച്ചെന്നു പരാതി. മദ്യ ലഹരിയിലായിരുന്ന കരുവാറ്റ സ്വദേശിയായ യുവാവിനെ ബന്ധുക്കൾ സ്വീകരിക്കാതിരുന്നതിനാൽ ആംബുലൻസിൽ കായംകുളത്തെ ക്വാറൻറ്റൈൻ കേന്ദ്രത്തിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസിലാണ് കായംകുളം ബസ് സ്റ്റാൻഡിൽ എത്തിയത്. മദ്യപിച്ച് അബോധാവസ്ഥയിലായ നിലയിലായിരുന്നു. ഷിജോ സാമുവൽ, ഷഹീർ ബഷീർ എന്നിവരായിരുന്നു ആംബുലൻസിലെ ജീവനക്കാർ. ആംബുലൻസ് വീടിന് സമീപം എത്തിയപ്പോൾ ഇയാളുടെ ബന്ധുക്കൾ ചേർന്ന് വാഹനം തടഞ്ഞു. സംഘർഷത്തിനിടെയാണ് ജീവനക്കാർക്ക് മർദ്ദനമേറ്റത്. ആംബുലൻസിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് ജില്ല ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഹരിപ്പാട് സി.ഐക്ക് പരാതി നൽകി.