ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണപാതയിൽ
ആലപ്പുഴ: പരാധീനതകൾക്കു നടുവിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ. ഹോട്ടൽ സമുച്ചയമുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില മന്ദിരമാണ് ഇപ്പോൾ ഡിപ്പോ നിൽക്കുന്ന സ്ഥലത്ത് വരുന്നത്. പരിസ്ഥിതിവിഭാഗത്തിന്റെ പരിശോധന കഴിഞ്ഞു. അവരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കോംപ്ളക്സിന്റെ രൂപരേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്തി സമർപ്പിക്കും.ഇത് അംഗീകരിച്ചാൽ നിർമ്മാണത്തിനു തുടക്കമാവും.
മൂന്ന് വർഷത്തിനുള്ളിൽ പുതിയ ഡിപ്പോയും ഗാരേജുമെല്ലാം പണിതീർത്ത് ആലപ്പുഴ ട്രാൻസ്പോർട്ട് ഹബ്ബ് നിലവിൽ വരും. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. തീർത്തും പരിസ്ഥിതി സൗഹൃദമാവും പുതിയ മന്ദിരം.കെട്ടിട പരിസരത്തും മുറ്റങ്ങളിലുമായി മരങ്ങൾ വച്ചുപിടിപ്പിക്കുക ആധുനിക സൗകര്യങ്ങളോടുകൂടിയ മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിസ്ഥിതി വകുപ്പ് മുന്നോട്ടു വച്ചിട്ടുള്ളത്. ഏതിനം മരങ്ങളാണ് വച്ചുപിടിപ്പിക്കേണ്ടതെന്നും പറയുന്നുണ്ട്.
....................................
# മോടി കൂടുന്നതിങ്ങനെ
പദ്ധതി 120 കോടിയുടേത്
ഡിപ്പോയും ഗാരേജും നിൽക്കുന്ന 4.8 ഏക്കറിൽ നിർമ്മാണം
സർക്കാർ അധീനതയിലുള്ള ഇൻകൽ രൂപരേഖ തയ്യാറാക്കും
ഗാരേജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് 8 നിലകളിലുള്ള ഹോട്ടൽ സമുച്ചയം
കെ.ടി.ഡി.സിക്കോ മറ്റോ ആവും ഹോട്ടൽ നടത്തിപ്പിന്റെ ചുമതല
ഇതോടൊപ്പം മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം
നിലവിലെ ബസ് ഓപ്പറേറ്റിംഗ് സെന്റർ സ്ഥലത്ത് ബസ് ബെ
10 ഓർഡിനറി, 10 ദീർഘദൂര ബസുകൾക്ക് ഒരേസമയം പാർക്കിംഗ്
ഇതിനു മദ്ധ്യത്തിലായി യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം
..................................................
# ഗാരേജ് വിശാലം
ഡിപ്പോ നിൽക്കുന്ന സ്ഥലത്തിന്റെ പകുതി ഭാഗത്തും കാന്റീൻ കെട്ടിടം നിൽക്കുന്ന സ്ഥലത്തുമായിട്ടാവും പുതിയ ഗാരേജ്. കൂടുതൽ ബസുകൾക്ക് ഒരേ സമയം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയും വിധമുള്ള സംവിധാനങ്ങൾ ഇവിടെ തയ്യാറാവും.പഴയ ഗാരേജ് പൊളിക്കുമ്പോൾ ബസുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനായി താത്കാലിക ഗാരേജ് നിർമ്മാണം തുടങ്ങിക്കഴിഞ്ഞു.കലവൂരിനും കഞ്ഞിക്കുഴിക്കുമിടയിൽ ഹൗസിംഗ് ബോർഡ് വക സ്ഥലത്താണ് താത്കാലിക ഗാരേജ് ഒരുങ്ങുന്നത്.
.......................................
യാത്രക്കാർക്ക് മികച്ച സൗകര്യം ലഭ്യമാവുന്നതിനു പുറമെ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനും പുതിയ കോംപ്ളക്സ് വരുന്നതോടെ സാദ്ധ്യമാവും.നിർമ്മാണത്തിന് വേണ്ട സർട്ടിഫിക്കറ്റുകളെല്ലാം നേരത്തെ കിട്ടിയിരുന്നു.പരിസ്ഥിതി വകുപ്പിന്റെ പരിശോധനയാണ് നടക്കേണ്ടിയിരുന്നത്. അതും വിജയകരമായി പൂർത്തിയായി
(വി.അശോക് കുമാർ,എ.ടി.ഒ, ആലപ്പുഴ ഡിപ്പോ)