1500 ചിത്രങ്ങളിൽ വേഷമി​ട്ട 74കാരൻ

ആലപ്പുഴ: കർമ്മം കൊണ്ട് 'കോടിപതി', വേഷമിട്ടത് 1500 ചിത്രങ്ങളിൽ. പുന്നപ്ര അപ്പച്ചന് ജീവിതത്തിൽ ഡബിൾ റോളാണ്. 52 വർഷമായി സിനിമാതാരമെന്ന ലേബലുണ്ടെങ്കിലും, അന്നും ഇന്നും ഉപജീവനം എൽ.ഐ.സി ഏജൻസി തന്നെ.

ആലപ്പുഴ നഗരത്തിലൂടെ ചെറിയ പെട്ടിയും തൂക്കി ബസ് യാത്ര നടത്തുന്ന അപ്പച്ചനെ സിനിമയുടെ തലക്കനം പണ്ടേ ബാധിച്ചിട്ടില്ല. കിട്ടിയ അവസരങ്ങളെല്ലാം അർഹതപ്പെട്ടതിനെക്കാൾ കൂടുതലെന്ന സ്വയം വിലയിരുത്തലാണ് ഈ 74 കാരനെ ഇന്നും മുന്നോട്ട് നയിക്കുന്നത്. സിനിമയിലെ പല തലമുറകളെ കണ്ടു. പലരുടെയും വളർച്ചയും തളർച്ചയും കണ്ടു. അനുഭവസമ്പത്തുകളേറുമ്പോഴും പ്രതിഫലത്തിൽ പിശുക്കു കാട്ടിയവരോട് മുഖം കറുപ്പിച്ചിട്ടില്ല. ബന്ധങ്ങൾ ദുരുപയോഗം ചെയ്യാൻ നിന്നിട്ടില്ലാത്തതിനാൽ 25ാം വയസിൽ ആരംഭിച്ച എൽ.ഐ.സി ഏജൻസിയിൽ സിനിമാരംഗത്ത് നിന്ന് അംഗങ്ങളായത് മൂന്നേ മൂന്ന് പേർ മാത്രം. എന്നാൽ സിനിമയ്ക്ക് പുറത്ത് വിശാലമായ ബന്ധങ്ങൾ അദ്ദേഹത്തെ നിരവധിത്തവണ എൽ.ഐ.സി കോടിപതിയാക്കി. ലോക്ക് ഡൗണോടെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലുകൾ കട്ട് പറഞ്ഞെങ്കിലും അപ്പച്ചനെന്ന അൽഫോൺസ് പോളിസി തേടിയുള്ള യാത്ര തുടരുകയാണ്. വിപ്ലവഭൂമിയായ പുന്നപ്രയെ സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർത്തത് കൂടുതൽ മൈലേജ് പ്രതീക്ഷിച്ചാണെന്ന് അപ്പച്ചൻ പറയുന്നു. ഭാര്യ മേരിക്കുട്ടിയും മക്കളായ ആന്റണിയും ആലീസും പിന്തുണയുമായി ഒപ്പമുണ്ട്.

തുടക്കം ഒതേനന്റെ മകനിൽ

അഭിനയമെന്ന ഒറ്റ മോഹവുമായി ഉദയയുടെ ലൊക്കേഷനുകളിൽ കയറിയിറങ്ങിയ നാളുകൾ ഇന്നും ഓർമ്മയിലുണ്ട്. പലരും ഫീൽഡ് ഔട്ടായി പോകുമ്പോഴും സ്ഥിരം സാന്നിദ്ധ്യമായി അപ്പച്ചൻ തുടരുകയാണ്. 1968 ലെ ഉദയാ ചിത്രമായ ഒതേനന്റെ മകനിലൂടെയായിരുന്നു അരങ്ങേറ്റം. തേടി വന്നതിലധികവും വില്ലൻ വേഷങ്ങളായിരുന്നു. ഷാജി കൈലാസ് ചിത്രമായ ദി​ കിംഗിൽ മുഖ്യമന്ത്രിയായി വേഷമിട്ടതാണ് ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്.