സിനിമയും സീരിയലും ഉപേക്ഷിച്ച് പൂജാരിയായി
ആലപ്പുഴ: ശ്രീകോവിലിലെ വിഗ്രഹത്തിൽ ആടയാഭരണങ്ങൾ ചാർത്തി ദീപം ഉഴിഞ്ഞ് മന്ത്രങ്ങൾ ഉരുവിട്ട് ആരാധന നടത്തുകയാണ് നടൻ കവിരാജ്.
ആലപ്പുഴ മുല്ലയ്ക്കൽ തെക്കേമഠത്തിൽ ദുർഗേനാരായണ ഭവനത്തിൽ കവിരാജിന് (48)
ആലപ്പുഴ കളർകോട് മാപ്രാംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി ജീവിതവേഷം.
1998ൽ നിറം സിനിമയിലൂടെ വെള്ളിത്തിരയിൽ മുഖം കാണിച്ച കവിരാജിന് തമിഴിലും തെലുങ്കിലും അടക്കം അവസരം ലഭിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷങ്ങളിലെത്തി. നിറം,തെങ്കാശിപ്പട്ടണം,കുഞ്ഞിക്കൂനൻ അടക്കം അൻപതിലേറെ സിനിമകളിലാണ് അഭിനയിച്ചത്.
അച്ഛൻ സുബ്രഹ്മണ്യൻ ആചാരിയുടെ മരണത്തോടെ സിനിമാലോകത്ത് ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങിയ കവിരാജിന് 2016ൽ അമ്മ സരസ്വതി അമ്മാളുടെ മരണത്തോടെ ലോകം മറ്റൊന്നായി.
ഭൗതികജീവിതത്തോട് വിരക്തിയായി. ഭാര്യ അകന്നു.ഏകാന്തപഥികനായി ഹിമാലയത്തിലേക്ക് യാത്ര. വഴിപോക്കരുടെ കാരുണ്യംകൊണ്ട് വിശപ്പടക്കി.തെരുവിൽ അന്തിയുറക്കം. ബദരീനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞിറങ്ങുമ്പോൾ ലക്ഷ്യമുണ്ടെന്ന് ഒരുതോന്നൽ. ചെറുപ്പത്തിൽ ഗീതാ ക്ളാസുകളിൽ പങ്കെടുത്തതും പൂജാദികർമ്മങ്ങളും തന്ത്രിവിദ്യയും പഠിച്ചതും വഴിതെളിക്കുമെന്ന ചിന്ത ഉണർന്നു. അവിടെ നിന്നുകൊണ്ടുതന്നെ ഭാര്യയെ വിളിച്ചു. അതോടെ മടക്കയാത്ര കുടുംബ ജീവിതത്തിലേക്കായിരുന്നു. നാട്ടിലെത്തി ക്ഷേത്രപൂജകൾക്ക് പകരക്കാരനായി. മള്ളിയൂർ തിരുമേനി ഭാഗവത സപ്താഹയജ്ഞത്തിന് ഉപയോഗിച്ചിരുന്ന ഭാഗവതം സമ്മാനമായി നൽകിയത് വീട്ടിൽ പവിത്രമായി സൂക്ഷിച്ചിരുന്നു. അതിൽ തൊട്ടുവണങ്ങി സപ്താഹ യജ്ഞങ്ങളിലും പങ്കാളിയായി.ഭാര്യ അനുവും മകൻ നാലരവയസുകാരൻ ശ്രീപാല ഗോപാല നാരായണനും ഒപ്പം കുടുംബ ജീവിതം.
വെള്ളിത്തിരയിലും മിനി സ്ക്രീനിലും # ഫാസിലിന്റെ തമിഴ് ചിത്രം കണ്ണുക്കുൾ നിലവിൽ ഉപനായകൻ # നിറം, മീശമാധവൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, കസിൻസ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ. # ദൂരദർശനിൽ വീണ്ടും ജ്വാലയായി എന്ന സീരിയലിൽ കരിമൻ എന്ന ആദിവാസി യുവാവിന്റെ നായക വേഷം. # സ്വകാര്യ ചാനലിൽ കാണാക്കിനാവ് സീരിയലിൽ പ്രേം എന്ന നായക വേഷം. # സൂര്യപുത്രി സീരിയലിൽ വില്യം പേട്ട എന്ന വില്ലൻ വേഷം